ബജറ്റിനിടെ യുഡിഎഫ് പ്രതിഷേധം
1279042
Sunday, March 19, 2023 1:44 AM IST
നീലേശ്വരം: നഗരസഭ ബജറ്റ് അവതരണത്തിനിടെ യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ ശ്രമഫലമായി നഗരസഭയില്‍ ആറിടങ്ങളില്‍ ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകള്‍ അനുവദിച്ച കാര്യം ബജറ്റ് പ്രസംഗത്തില്‍ പരാമര്ശിക്കാതിരുന്നതിനെതിരെയാണ് യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിച്ചത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്റ്റാന്‍ഡ് നഷ്ടമായ ടൂറിസ്റ്റ് ടാക്സി, ഓട്ടോ ഡ്രൈവര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്നും മത്സ്യ മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ്, രാജാ റോഡ് എന്നിവയെക്കുറിച്ച് മുന്‍ പ്രഖ്യാപനങ്ങളുടെ തനിയാവര്‍ത്തനം മാത്രമാണ് നടന്നതെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.
തുടര്‍ന്ന് യുഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ഇ. ഷജീറിന്റെ നേതൃത്വത്തില്‍ ബജറ്റ് ചര്‍ച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്ക് നടത്തുകയായിരുന്നു.