അത്തിക്കടവ് പാലം പണി നിര്‍ത്തിവച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
1264177
Thursday, February 2, 2023 12:44 AM IST
വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ അത്തിക്കടവ്-അരീങ്കല്ല് റോഡില്‍ അത്തിക്കടവ് ചാലിന് പാലം നിര്‍ത്തി വച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
പാലം നിര്‍മിക്കാന്‍ ഇ. ചന്ദ്രശേഖരന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം അനുവദിക്കുകയും പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ ഓവര്‍സിയര്‍ മൂന്നു പ്രവശ്യം സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി ലഭിച്ചതിനുശേഷം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 2022 ഏപ്രില്‍ മാസം നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. കരാറുകാരന് രണ്ടു ദിവസം മാത്രം പ്രവര്‍ത്തി നടത്തി റോഡ് നെടുകെ പിളര്‍ന്നതിനു ശേഷം എസ്റ്റിമേറ്റ് പൂര്‍ണമല്ല എന്നു പറഞ്ഞു കരാറുകാരന് നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
നിരന്തരം വാഹനങ്ങളും സ്കൂള്‍ കുട്ടികളടക്കം സഞ്ചരിച്ചുകൊണ്ടിരിന്ന റോഡില്‍ ഇപ്പോള്‍ മാസങ്ങളായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ് ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഒരു പ്രദേശത്തെ ദുരിതത്തിലാക്കിയ പാലം പണി എത്രയും പെട്ടന്നു പുനരാരംഭിക്കണമെന്നും ഇല്ലെങ്കില്‍ സമരരംഗത്തിറങ്ങാനും ബളാല്‍ മണ്ഡലം രണ്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ വാര്‍ഡ് പ്രസിഡന്റ് പി.രാഘവന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബറും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ പി.പത്മാവതി, കെ.സുരേന്ദ്രന്, പി. നാരയണന്, കെ.തമ്പാന്, വി.സുകുമാരന്‍ നായര്‍, ആര്.ഡി.രഞ്ജിത്കുമാര്‍, വി.വി.മുകുന്ദന്, അനില്‍ ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. ഷീജ റോബര്‍ട്ട് സ്വാഗതവും ദേവസ്യ പുത്തന്‍പുരയ്ക്കല്‍ നന്ദിയും പറഞ്ഞു.