കാട്ടാനക്കൂട്ടം കൃഷിയിടങ്ങളും ക്ഷേത്രമതിലും തകര്‍ത്തു
1262388
Thursday, January 26, 2023 12:49 AM IST
ബന്തടുക്ക: ബന്തടുക്കയില്‍ വനാതിര്‍ത്തി കടന്നെത്തിയ കാട്ടാനക്കൂട്ടം വ്യാപക നാശനഷ്ടങ്ങള്‍ വരുത്തി. ചിക്കണ്ടമൂല, മാവിനടി, പാലാര്‍ എന്നിവിടങ്ങളിലായി നിരവധി കൃഷിയിടങ്ങളില്‍ നാശം വരുത്തി. ചിക്കണ്ടമൂല രക്തേശ്വരി ദേവസ്ഥാനത്തിന്റെ ചുറ്റുമതിലും ഗേറ്റും തകര്‍ത്തു.നാല് ആനകളടങ്ങിയ കൂട്ടമാണ് വനാതിര്‍ത്തി കടന്നെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. മാവിനടിയിലെ നാരായണഭട്ടിന്റെ കമുകിന്തോട്ടത്തിലെത്തി പൂര്‍ണവളര്‍ച്ചയെത്തിയ 65 ഓളം കമുകുകള്‍ മറിച്ചിട്ടു.
തൊട്ടടുത്ത പ്രവീണ്‍കുമാറിന്റെ തോട്ടത്തിലും നാശം വരുത്തി. തോട്ടത്തില്‍ ജലസേചനത്തിനുപയോഗിക്കുന്ന ഡീസല്‍ പമ്പും പൈപ്പുകളും ചവിട്ടിത്തകര്‍ത്തു. കുളത്തിന്റെ മണ്‍ഭിത്തിയും തകര്‍ത്തു. അടുത്തുള്ള തോട്ടങ്ങളിലെ കമുക്, തെങ്ങ്, വാഴ, പ്ലാവ് എന്നിവയെല്ലാം നശിപ്പിച്ചു.കാറഡുക്ക ബ്ലോക്കില്‍ സ്ഥിരമായി കാട്ടാനശല്യമുണ്ടാകുന്ന മേഖലയില്‍നിന്ന് അകലെയാണ് ഈ പ്രദേശം. ആ ഭാഗത്ത് കാട്ടാനകളെ താത്കാലികമായി തുരത്തുകയും സൗരോര്‍ജ തൂക്കുവേലി ഭാഗികമായി പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ആനക്കൂട്ടം ഇവിടെയെത്തിയത്.
ഇവിടെ വനാതിര്‍ത്തിയില്‍ ചാമക്കൊച്ചി മുതല്‍ അഞ്ജനടുക്കം വരെയുള്ള ഭാഗത്ത് നേരത്തേ സൗരോര്‍ജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബാറ്ററികളുടെ കാലപ്പഴക്കം മൂലം പ്രവര്‍ത്തനക്ഷമമല്ല. പല ഭാഗത്തും ആനകള്‍ മരങ്ങള്‍ മറിച്ചിട്ട് വേലി തകര്‍ത്തിട്ടുണ്ട്.