ജില്ലാ സ്കൂള്‍ കലോത്സവം: കലവറ നിറയ്ക്കല്‍ ഘോഷയാത്ര 25ന്
1241982
Sunday, November 20, 2022 12:51 AM IST
നീലേശ്വരം: ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ അവസാനഘട്ടമായി 25ന് വിപുലമായ കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടത്തും. 12 വേദികളിലായിട്ടാണ് പരിപാടികള്‍ നടക്കുക. സ്കൂള്‍ മൈതാനമാണ് പ്രധാനവേദി. 100 മീറ്റര്‍ ചുറ്റളവിലായിരിക്കും മറ്റു വേദികള്‍. വേദികള്‍ക്ക് പുഴകളുടെ പേര് നല്‍കും.
29ന് വൈകുന്നേരം മൂന്നിന് ചോയ്യങ്കോട് മുതല്‍ ചായ്യോത്ത് സ്കൂള്‍ വരെ നിശ്ചല ചലന ദൃശ്യങ്ങളോടെ സാംസ്കാരിക ഘോഷയാത്ര നടക്കും. കുട്ടികള്‍ക്കായി പാതയോര ചിത്രരചനയും ജില്ലയിലെ അധ്യാപകരുടെ നേതൃത്വത്തില്‍ കൊട്ടും വരയും പരിപാടിയും സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഫ്ളാഷ് മോബും നടക്കും. മാധവന് നമ്പൂതിരി തെക്കില്ലത്തിനാണ് കലവറയുടെ മുഖ്യ ചുമതല.
കലോത്സവ ദിനങ്ങളില്‍ സ്കൂളിനു മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ സ്ഥാനം മാറ്റും. 100 മീറ്റര്‍ ചുറ്റളവില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല. രാത്രികാലങ്ങളില്‍ മലയോര മേഖലയിലേക്കും നീലേശ്വരത്തേക്കും കയ്യൂര്‍ ഭാഗത്തേക്കും കെഎസ്ആര്‍ടിസി ബസ് സൗകര്യം ഏര്‍പ്പെടുത്തും. കലോത്സവത്തില്‍ ഹരിത പ്രോട്ടോകോള്‍ കര്‍ശനമായി നടപ്പിലാക്കും.
സംഘാടകസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി, എം.ലക്ഷ്മി, വി.കെ.രാജന്, ഭൂപേഷ് ബാനം, ഷൈജമ്മ ബെന്നി, പി.ധന്യ, കെ.കൈരളി, കെ.വി.ഭരതന്, ഉദയകുമാരി, ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ സി.കെ.വാസു, പ്രിന്‍സിപ്പല്‍ പി.രവീന്ദ്രന്, മുഖ്യാധ്യാപകന്‍ എന്‍.അജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.