റെയില്‍വേ പാര്‍ക്കിംഗ് സ്ഥലത്ത് ഭക്ഷണമാലിന്യങ്ങള്‍ തള്ളിയ നിലയില്‍
1227475
Tuesday, October 4, 2022 12:57 AM IST
തൃക്കരിപ്പൂര്‍: ഭക്ഷണാവശിഷ്ടങ്ങളും കടലാസ് പ്ലേറ്റുകളും പ്ലാസ്റ്റിക് കൂടുകളിലാക്കി റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് സ്ഥലത്ത് തള്ളിയ നിലയില്‍. ബിരിയാണി കഴിച്ചതിന്റെ അവശിഷ്ടങ്ങളാണ് റെയില്‍വേ സ്റ്റേഷനില്‍ തള്ളിയത്. കാക്കകളും തെരുവ് നായ്ക്കളും കടിച്ചുപറിക്കാന്‍ തുടങ്ങിയതോടെ പാര്‍ക്കിംഗ് ഏരിയയുടെ ഒരു ഭാഗംമുഴുവനും ഭക്ഷണ മാലിന്യങ്ങള്‍ ചിതറിയ നിലയിലാണ്.
നഗരത്തില്‍ പലയിടങ്ങളിലും രാത്രികാലങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും തള്ളുന്നത് പതിവായിരിക്കുകയാണ്. നഗരമധ്യത്തിലുള്ള കൂലേരി ഗവ.എല്‍പി സ്കൂളിന്റെ മതിലിനോട് ചേര്‍ന്ന് ചാക്കുകളിലാക്കി തള്ളിയ മാലിന്യങ്ങള്‍ നടപ്പാതയില്‍ ചിതറിക്കിടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നതു തടയാന്‍ പ്രധാന സ്ഥലങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.