ബളാൽ പഞ്ചായത്തിൽ സായംപ്രഭ ഹോമുകൾ ആരംഭിച്ചു
1227469
Tuesday, October 4, 2022 12:57 AM IST
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ 60 വയസ് പിന്നിട്ടവർക്ക് വാർധക്യകാലജീവിതം ആനന്ദകരമാക്കുക എന്നലക്ഷ്യത്തോടെ സായംപ്രഭ ഹോമുകൾ പ്രവർത്തനം തുടങ്ങി. മാലോം, വെള്ളരിക്കുണ്ട്, എടത്തോട് എന്നീ സ്ഥലങ്ങളിലാണ് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ സായം പ്രഭ ഹോമുകൾ ആരംഭിച്ചത്.
കെയർ ഗിവർമാരുടെ മേൽനോട്ടത്തിലാണ് വൃദ്ധ മാതാപിതാക്കളുടെ പരിചരണം, ലഘു ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടക്കുക. ഓരോ സെന്ററുകളിലും ടെലിവിഷൻ, കാരംസ് ബോർഡ്, ചെസ് ബോർഡ് എന്നിവയുണ്ടാകും. യോഗ പരിശീലനവും ലഭ്യമാക്കും. മെഡിക്കൽ സംഘത്തിന്റെ സേവനവും ആവശ്യമായ മരുന്നുകളും സായംപ്രഭഹോമിൽ എത്തുന്നവർക്ക് ലഭ്യമാകും.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.രാധാമണി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ, ടി.അബ്ദുൾ ഖാദർ, പി. പത്മാവതി, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, പഞ്ചായത്തംഗങ്ങളായ ജോസഫ് വർക്കി, പി.സി.രഘുനാഥൻ നായർ, ബിൻസി ജെയിൻ, മോൻസി ജോയ്, സന്ധ്യ ശിവൻ, കെ.ആർ.വിനു, കെ. വിഷ്ണു, ഐസിഡിഎസ് സൂപ്പർവൈസർ പി.ജിനി, ആയുർവേദ മെഡിക്കൽ ഓഫീസർ സി.ആർ. അമ്പിളി എന്നിവർ പ്രസംഗിച്ചു.