എൻഡോസൾഫാൻ പട്ടികയിൽ നിന്നും 1031 പേരെ പുറത്താക്കിയതിനെതിരേ പ്രതിഷേധം
1225497
Wednesday, September 28, 2022 1:05 AM IST
കാസർഗോഡ്: 2017 ലെ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും കണ്ടെത്തിയ 1905 എൻഡോസൾഫാൻ ദുരിതബാധിതരിൽ 1031 പേരെ അകാരണമായി പുറത്താക്കിയ നടപടിക്കെതിരെ പ്രതിഷേധം.
അർഹതയുടെ അടിസ്ഥാനത്തിൽ പട്ടികയിൽ പെടുത്തിയിട്ടും യാതൊരു കാരണവും കൂടാതെ ലിസ്റ്റിൽ പെടുത്തിയവരെ പുറത്താക്കിയത് ഒരു കാരണവശാലും അംഗീകരിക്കാൻ ആവില്ലെന്നും അടിയന്തരമായി 1031 പേരെയും പട്ടികയിൽ പെടുത്തി ആവശ്യമായ ചികിത്സയും മറ്റു ആനുകൂല്യങ്ങളും നൽകണമെന്നും പുറത്താക്കപ്പെട്ടവരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ദുരിതബാധിതരാണ് ചികിത്സ പോലും കിട്ടാതെ ജീവിതം തള്ളി നീക്കുന്നത്.മെച്ചപ്പെട്ട ചികിത്സകിട്ടാനുള്ള അടിയന്തര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് ആവശ്യം ഉയർന്നു.
അല്ലാതപക്ഷം പ്രക്ഷോഭ പരിപാടികളുമായി നീങ്ങുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. മുനീസ അമ്പലത്തറ അധ്യക്ഷതവഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, രാധാകൃഷ്ണൻ അഞ്ചാംവയൽ, തമ്പാൻ പുതുക്കൈ, പി.കെ.രവി, ചന്ദ്രപാലൻ ബെള്ളൂർ, അജിത പിലിക്കോട്, കെ.പുരുഷോത്തമൻ, എം.ബാബു, സ്മിത ജയൻ, എൻ.പി.സ്മിത എന്നിവർ സംസാരിച്ചു. പി.ഷൈനി സ്വാഗതവും സി.ഗീത നന്ദിയും പറഞ്ഞു.