പയ്യന്നൂർ: മത്സ്യക്കൃഷിയിലൂടെ അഞ്ചു വർഷംകൊണ്ട് അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കുഞ്ഞിമംഗലം പറമ്പത്ത് അക്വാകൾച്ചർ ഡവലപ്മെന്റ് സൊസൈറ്റി ആരംഭിച്ച മത്സ്യവിത്ത് പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലകളിലും മത്സ്യക്കർഷകരുടെ സഹകരണസംഘങ്ങൾ രൂപീകരിക്കാൻ നടപടി സ്വീകരിച്ചുവരികയാണ്. ഇതിനുപിന്നാലെ അപ്പെക്സ് സംഘങ്ങളും ഉണ്ടാകും. മത്സ്യ ഉത്പാദന, വിതരണ മേഖലയിൽ ഇടനിലക്കാരെ ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. പയ്യന്നൂരിൽ ഫിഷറീസ് കോളജ് ഈ വർഷംതന്നെ തുടങ്ങാനുള്ള ശ്രമത്തിലാണ് വകുപ്പ്. കല്യാശേരി മണ്ഡലത്തിൽ അലങ്കാരമത്സ്യ വിത്തുത്പാദന കേന്ദ്രം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എം. വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ എംഎൽഎ, ടി.വി. രാജേഷ്, സി. കൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം സി.പി.ഷിജു, കെ.പദ്മനാഭൻ, വി. കുഞ്ഞിക്കൃഷ്ണൻ, താവം ബാലകൃഷ്ണൻ, ഡോ. ദിനേഷ് കൈപ്പിള്ളി, ഡോ. കെ.കെ. വിജയൻ, സി.കെ. ഷൈനി, വി. രജിത, കെ.എക്സ്. സെബാസ്റ്റ്യൻ, ടി.പുരുഷോത്തമൻ, പി.പി. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ശുദ്ധജല മത്സ്യക്കര്‍ഷകരെ സഹായിക്കാനായി പയ്യന്നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അക്വാകള്‍ച്ചര്‍ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (അഡ്കോസ്) ഒരുകോടി രൂപ ചെലവിലാണ് മത്സ്യവിത്ത് പരിപാലന കേന്ദ്രം സജ്ജമാക്കിയത്.
ചെന്നൈ, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പൊടിക്കുഞ്ഞുങ്ങളെ 15 ദിവസം മുതല്‍ ഒരുമാസം വരെ രോഗങ്ങള്ക്കതീതരായി പരിപാലിച്ച് മത്സ്യക്കൃഷിക്ക് യോഗ്യമായ രീതിയില്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് അഡ്കോസ് നടപ്പാക്കുന്നത്. തിലോപ്പിയ, വാള, കരിമീന്‍, കോയികാര്‍പ്പ്, അലങ്കാര മത്സ്യങ്ങള്‍ തുടങ്ങിയവയുടെ പത്തുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ പ്രതിവര്‍ഷം വിതരണം ചെയ്യാനുള്ള ശേഷിയാണ് ഈ പ്ലാന്റിനുള്ളത്.
മത്സ്യക്കൃഷി കൂടുതല്‍ ലാഭകരമാക്കാനുള്ള സാഹചര്യമാണ് ഇതിലൂടെ അഡ്കോസ് ലക്ഷ്യമാക്കുന്നത്.