തൃക്കരിപ്പൂർ: കമ്യൂണിസ്റ്റ് കർഷകസമരങ്ങളുടെ വിളനിലമായ തൃക്കരിപ്പൂരിന് ഇടതുപക്ഷമാണ് ഹൃദയപക്ഷം. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ അടക്കം ഇവിടെനിന്നും ചെങ്കൊടിത്തണലിൽ ജനവിധി തേടിയ എല്ലാവരെയും വോട്ടർമാർ നിയമസഭയിലേയ്ക്ക് അയച്ചിട്ടുണ്ട്.
നീലേശ്വരം നഗരസഭയും തൃക്കരിപ്പൂർ, പടന്ന, വലിയപറന്പ്, പിലിക്കോട്, ചെറുവത്തൂർ, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മണ്ഡലം. ഇതിൽ വെസ്റ്റ് എളേരി, തൃക്കരിപ്പൂർ, പടന്ന എന്നിവിടങ്ങളിൽ യുഡിഎഫും ഈസ്റ്റ് എളേരിയിൽ ഡിഡിഎഫും ബാക്കി അഞ്ചിടങ്ങളിൽ എൽഡിഎഫുമാണ് ഭരിക്കുന്നത്. കയ്യൂർ-ചീമേനി, പിലിക്കോട്, ചെറുവത്തൂർ, നീലേശ്വരം എന്നിവിടങ്ങളിലെ ഉറച്ച പാർട്ടി കോട്ടകളാണ് സിപിഎമ്മിന്റെ കരുത്ത്.
കഴിഞ്ഞവട്ടം യുഡിഎഫിനൊപ്പമുണ്ടായിരുന്ന ലോക്ജനതാദൾ ഇത്തവണ തങ്ങൾക്കൊപ്പം ചേർന്നതും ഈസ്റ്റ് എളേരിയിലെ കോൺഗ്രസ് വിമതകൂട്ടായ്മയായ ഡിഡിഎഫിന്റെ പിന്തുണയും എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
മലയോരമേഖലയിൽ കോൺഗ്രസിനും തീരദേശമേഖലയിൽ മുസ്ലിംലീഗിനുമുള്ള സ്വാധീനമാണ് യുഡിഎഫിന്റെ പ്രതീക്ഷ. ബിജെപി ജില്ലയിൽ ഏറ്റവും ദുർബലമായ മണ്ഡലവും ഇതാണ്.
കണക്കുകൂട്ടലുകൾ
മണ്ഡലം രൂപീകൃതമായ 1977ലും 80 ലും നടന്ന തെരഞ്ഞെടുപ്പിൽ പി. കരുണാകരനാണ് വിജയിച്ചത്. ആദ്യവട്ടം പി.ടി. ജോസിനെ 6,120 ഉം രണ്ടാംവട്ടം കെ.പി. കുഞ്ഞിക്കണ്ണനെ 15,617 വോട്ടിനുമാണ് പരാജയപ്പെടുത്തിയത്. 82-ൽ ഒ. ഭരതൻ 12,202 വോട്ടിന് കെ.ടി. മത്തായിയെ പരാജയപ്പെടുത്തി. 87 ലും 91 ലും ഇ.കെ. നായനാർ വിജയിച്ചു. 96 ലും 2001 ലും കെ.പി. സതീഷ്ചന്ദ്രനും 2006 ലും 2011 ലും കെ. കുഞ്ഞിരാമനും വിജയിച്ചു. ആദ്യതവണ കെ. കുഞ്ഞികൃഷ്ണൻ നായരെ 6,417 വോട്ടിനും രണ്ടാംതവണ സി.കെ. ശ്രീധരനെ 14,332 വോട്ടിനുമാണ് പരാജയപ്പെടുത്തിയത്. 96 ലും 2001 ലും കെ.പി. സതീഷ്ചന്ദ്രൻ വിജയിച്ചു. ആദ്യതവണ സോണി സെബാസ്റ്റ്യനെ 15,478 വോട്ടിനും രണ്ടാംതവണ കരിന്പിൽ കൃഷ്ണനെ 17,009 വോട്ടിനും പരാജയപ്പെടുത്തി. 2006 ലും 2011 ലും കെ. കുഞ്ഞിരാമന്റെ ഊഴമായിരുന്നു. ആദ്യവട്ടം എ.വി. വാമനകുമാറിനെ 23,828 വോട്ടിനും രണ്ടാംവട്ടം കെ.വി. ഗംഗാധരനെ 8765 വോട്ടിനും പരാജയപ്പെടുത്തി.
എന്നാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. വെറും 1,899 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് അവർക്ക് ലഭിച്ചത്. എൽഡിഎഫ് 76,403 ഉം യുഡിഎഫ് 74,504 ഉം ബിജെപി 8,652 ഉം വോട്ടുകൾ കരസ്ഥമാക്കി. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 19,387 വോട്ടുകളുടെ ഭൂരിപക്ഷം കരസ്ഥമാക്കി. എൽഡിഎഫ് 85,722 ഉം യുഡിഎഫ് 66,335 ഉം ബിജെപി 9,670 ഉം വോട്ടുകളാണ് നേടിയത്.
സാധ്യതകൾ
സിറ്റിംഗ് എംഎൽഎ എം. രാജഗോപാലൻ തന്നെ എൽഡിഎഫിനായി മത്സരരംഗത്തിറങ്ങും. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ ഇവിടെനിന്നും മത്സരിക്കാൻ ഏറെ പരിശ്രമിച്ചിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് ചേർന്ന് ബാലകൃഷ്ണന്റെ പേര് മാത്രമാണ് ഇവിടെ നിന്നും നിർദേശിച്ചത്. എന്നാൽ ഇതിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിക്കാത്തതോടെ രാജഗോപാലന് രണ്ടാമത്തെ ടേം അനുവദിക്കുകയായിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ജോമോൻ ജോസ് എന്നിവരുടെ പേരുകളാണ് യുഡിഎഫ് പട്ടികയിലുള്ളത്.
മണ്ഡലവഴിയിൽ-തൃക്കരിപ്പൂർ
2016 ലെ വോട്ടുനില
ആകെ വോട്ട് 1,89,246
പോൾ ചെയ്തത് 1,55,671
വിജയി എം. രാജഗോപാലൻ
ഭൂരിപക്ഷം 16,959
എം. രാജഗോപാലൻ (സിപിഎം) 79,286
കെ.പി. കുഞ്ഞിക്കണ്ണൻ (കോൺഗ്രസ്) 62,327
എം. ഭാസ്കരൻ (ബിജെപി) 10,767
സി.എച്ച്. മുത്തലിബ് (വെൽഫെയർ പാർട്ടി)-1029, എം.വി. ഷൗക്കത്തലി (എസ്ഡിപിഐ)-840, പി.പി. പുരുഷോത്തമൻ (സ്വതന്ത്രൻ)-263, കെ.പി. കുഞ്ഞിക്കണ്ണൻ (സ്വതന്ത്രൻ)-183, പി.എം. കുഞ്ഞിക്കണ്ണൻ (സ്വതന്ത്രൻ)-109, കെ.എം. ശ്രീധരൻ (സ്വതന്ത്രൻ)-93, നോട്ട-774.