പെരിയ: ജില്ലാ പഞ്ചായത്ത്, കാസര്‍ഗോഡ് വികസന പാക്കേജ്, വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ പെരിയയില്‍ സ്ഥാപിക്കുന്ന ഹോള്‍സെയില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിനായി സംയുക്ത സ്ഥല പരിശോധന നടന്നു.
പ്ലാന്റേഷന് കോര്‍പറേഷന്റെ പെരിയ എസ്റ്റേറ്റില്‍ കേന്ദ്ര സര്‍വകലാശാലയ്ക്ക് മുന്നിലെ 10 ഏക്കര്‍ സ്ഥലത്താണ് ആധുനിക ഹോള്‍സെയില്‍ മാര്‍ക്കറ്റ് സ്ഥാപിക്കുന്നത്.
ജില്ലയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള പച്ചക്കറികള്‍ ശേഖരിച്ച് വിപണനം നടത്താനും ഇവിടെ ഉത്പാദിപ്പിക്കാത്ത പച്ചക്കറികള്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് എത്തിച്ച് വിതരണം നടത്താനും ഇവിടെ സംവിധാനമൊരുക്കും.
സ്ഥല പരിശോധനയിലും തുടര്‍ന്ന് നടന്ന കൂടിയാലോചനാ യോഗത്തിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന് അബ്ദുള്‍ റഹിമാന്‍, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു, പ്ലാന്റേഷന് കോര്പറേഷന് ചെയര്മാന് എ.കെ. ചന്ദ്രന്, കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ ഇ.പി. രാജമോഹന്‍, പ്ലാന്റേഷന് കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ബി. പ്രമോദ്, ബോര്‍ഡ് അംഗങ്ങളായ യു.തമ്പാന്, കെ.വി. കൃഷ്ണന്, ഗ്രൂപ്പ് മാനേജര്‍മാരായ സുബ്രു മുത്തുറാം, കരുണാരാജ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍, കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ആർ. വീണാറാണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി എസ്. നായര്‍ എന്നിവര്‍ പങ്കെടുത്തു.
പദ്ധതിക്ക് ആവശ്യമായ ഭൂമി അനുവദിക്കാന്‍ പ്ലാന്റേഷന് കോര്പറേഷന് തയാറാണെന്ന് ചെയര്മാന് എ.കെ. ചന്ദ്രന് പറഞ്ഞു.
പ്ലാന്റേഷന് കോര്പറേഷന് ഉല്പാദിപ്പിക്കുന്ന കശുവണ്ടി, നൂതന വിഭവങ്ങളായ കാഷ്യൂ ജ്യൂസ്, ആപ്പിള്‍ ജ്യൂസ് തുടങ്ങിയവ വിപണനം ചെയ്യുന്നതിനായി സംരംഭത്തില്‍ സജീവമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൂര്‍ണമായും പ്രകൃതി സൗഹൃദമായ രീതിയില്‍ തയാറാക്കുന്ന പദ്ധതിയില്‍ സൗരോർജ സംവിധാനങ്ങളും വേസ്റ്റ് മാനേജ്മെന്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മഴവെള്ള സംഭരണി, ആധുനിക സ്റ്റോറേജ് സംവിധാനങ്ങള്‍ തുടങ്ങിയവയും ഉണ്ടാകുമെന്ന് കളക്ടര്‍ ഡി. സജിത്ത് ബാബു പറഞ്ഞു.