പയ്യന്നൂര്‍: മട്ടുപ്പാവ് കൃഷിയിലൂടെ വരുമാനവും വീടിനകത്ത് കുളിര്മയുമുണ്ടാക്കുകയാണ് പയ്യന്നൂര്‍ കാറമേല്‍ "തണല്‍'വീട്ടില്‍ എ.വി.ധനഞ്ജയന്. പച്ചമുളക്, കാബേജ്, ചൈനീസ് കാബേജ്, കോളിഫ്ളവര്‍, ഡ്രാഗണ്‍ ഫ്രൂട്ട്, വെണ്ട, ചീര, തക്കാളി, പയര്‍, കാബേജ്, വെള്ളരി, പാവൽ, റെഡ് ലേഡിയുള്പ്പെടെയുള്ള പപ്പായ തുടങ്ങിയവയാൽ സമ്പന്നമാണ് തണല്‍ വീടിന്റെ മട്ടുപ്പാവ്. കസ്തൂരി മഞ്ഞള്‍, പനിക്കൂര്‍ക്ക തുടങ്ങി പതിനഞ്ചോളം ഔഷധച്ചെടികളുമുണ്ട്. താഴെ മഞ്ഞള്‍, കസ്തൂരി മഞ്ഞള്‍, ഇഞ്ചി എന്നിവയും കൃഷിചെയ്യുന്നു. 1200 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള മട്ടുപ്പാവില്‍ ഒരുക്കിയ ടാങ്കുകളിലൊന്നില്‍ മത്സവും മറ്റൊന്നില്‍ അസോളയും വളര്‍ത്തുന്നു. അസോള വളത്തിനും മത്സ്യക്കാഷ്ടം വീണ് അമോണിയം കലര്‍ന്ന വെള്ളം പച്ചക്കറിക്കൃഷിക്കും ഉപയോഗിക്കുന്നു. യൂറിയ അടങ്ങുന്ന വളത്തിനായി കോഴികളെയും താറാവുകളെയും വളര്‍ത്തുന്നുണ്ട്.
കൃഷിക്ക് സൂക്ഷ്മമൂലകങ്ങള്‍ കിട്ടുന്നതിന് ഉണങ്ങിയ ഇലകള്‍ പൊടിച്ച് ഉപയോഗിക്കുന്നു. പൂര്‍ണമായം ജൈവകൃഷിയാണ് ധനഞ്ജയന്റേത്. തിലോപ്പിയയും റെഡ് തിലോപ്പിയയുമാണ് മത്സ്യടാങ്കില്‍ വളരുന്നത്. അടുക്കള മാലിന്യം സംസ്കരിച്ച് സ്ലറിയാക്കി വളമായും കീടനാശിനിയായും ഉപയോഗിക്കുന്നു. മത്തിയും ശര്‍ക്കരയും കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്ന ലായനി കീടനാശിനിയായും കോഴിക്കമ്പോസ്റ്റിന്റെ ദുര്‍ഗന്ധമകറ്റാനും ഉപയോഗപ്പെടുത്തുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ പൂര്‍ണമായും ടെറസില്‍നിന്ന് ലഭിക്കുമെന്നും കുറച്ചൊക്കെ വില്ക്കാന് കഴിയുമെന്നും ധനഞ്ജയന് പറഞ്ഞു. മഞ്ഞള്‍, ഇഞ്ചി, കസ്തൂരി മഞ്ഞള്‍ എന്നിവയ്ക്ക് ഓണ്‍ലൈനിലൂടെ അവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് അയച്ചുകൊടുക്കും.
കൂടാതെ ചെറിയ പ്ലാന്റുകളും ഗ്രോബാഗുകളും നിര്‍മിച്ച് കൊടുത്തും വരുമാനം കണ്ടെത്തുന്നുണ്ട്. വെള്ളം വാര്‍ന്നിറങ്ങി കോണ്‍ക്രീറ്റ് കേടാകാതിരിക്കാന്‍ വൈറ്റ് സിമന്റിന് മുകളില്‍ ടെറാക്കോട്ട പെയിന്റടിച്ച ശേഷമാണ് ഗ്രോബാഗുകള്‍ വയ്ക്കുന്നത്. വീടിന് മുകളിലെ ഹരിത സമൃദ്ധിമൂലം വീടിനകത്തും നല്ല കുളിര്‍മ നിലനിര്ത്താനാകുന്നുവെന്ന നേട്ടവുമുണ്ട്. കേബിള്‍ ടിവി ഓപ്പറേറ്റർ ജോലി ഒഴിവാക്കിയാണ് ധനഞ്ജയന് പച്ചക്കറികൃഷിയിലേക്ക് തിരിഞ്ഞത്.
വാട്സ് ആപ് കൂട്ടായ്മ വഴി സൗജന്യമായി വിത്തുവിതരണവും നടത്തുന്നു. കഴിഞ്ഞവര്‍ഷം സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച മട്ടുപ്പാവ് കര്‍ഷകനുള്ള പുരസ്കാരം ലഭിച്ചിരുന്നു. കൃഷിത്തോട്ടം ഗ്രൂപ്പിന്റെ (കെടിജി) മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നിരവധി തവണ ലഭിച്ചു. കൃഷിക്ക് കുടുംബത്തിന്റെ പൂർണപിന്തുണയുമുണ്ട്. കണ്ണൂര്‍ സര്‍വകാലാശാല ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥ ഷൈമയാണ് ഭാര്യ. വിദ്യാര്‍ഥികളായ, ദിയ,ദേവ്ദര്ശ് എന്നിവര്‍ മക്കളാണ്.