കാസർഗോഡ്: കേരള ജല അഥോറിറ്റിയെ കമ്പനിയാക്കി സ്വകാര്യവത്കരിക്കാനുള്ള നീക്കം ഇടതു സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ആവശ്യപ്പെട്ടു. ജൽ ജീവൻ മിഷൻ നടത്തിപ്പിലെ അശാസ്ത്രീയ സമീപനം തിരുത്തുക, ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസറി തസ്തിക സ്ഥിരപ്പെടുത്തുക, ടെക്നിക്കൽ സ്പെഷൽ റൂൾസ് പരിഷ്ക്കരിച്ച് ഉടൻ ഉത്തരവിറക്കുക, ഓഫീസ് അറ്റൻഡൻമാരെ മാനദണ്ഡങ്ങൾ പാലിക്കാതെ പുനർവിന്യാസം നടത്തിയ നടപടികൾ പിൻവലിക്കുക, ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, ക്ഷാമബത്ത കുടിശിക ഉടൻ നൽകുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വാട്ടർ സ്റ്റാഫ് അസോസിയേഷൻ വിദ്യാനഗർ ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് വിനോദ്കുമാർ അരമന അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി വിനോദ് എരവിൽ മുഖ്യപ്രഭാഷണം നടത്തി. കെ.വി.വേണുഗോപലൻ, കെ.വി.രമേശ്, സി.കെ.അനിതകുമാരി, കെ.പി. താരേഷ്, വി.പത്മനാഭൻ, എം.വി.സുരേന്ദ്രൻ, എം.വി.സുരേഷ്, പ്രദീപൻ പുറവങ്കര, പി.വി.രാജേഷ്, കെ.പി.സുജിത്കുമാർ, വി.മണികണ്ഠൻ, ടി.രഘു, ടി.പ്രേമലത എന്നിവർ പ്രസംഗിച്ചു.