ജീവനൊടുക്കുന്ന സംഭവത്തിൽ കണ്ണൂരിലെ സിപിഎം വീണ്ടും പ്രതിക്കൂട്ടിൽ
1461632
Wednesday, October 16, 2024 7:49 AM IST
കണ്ണൂർ: ജീവനൊടുക്കുന്ന സംഭവത്തിൽ കണ്ണൂരിൽ സിപിഎം പ്രതിക്കൂട്ടിലാകുന്നത് ഇതാദ്യമല്ല. 2014 ഡിസംബർ 15 ന് തളിപ്പറന്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ മുഖ്യാധ്യാപകനും ശ്രീകണ്ഠപുരം ചുഴലി സ്വദേശിയായ ഇ.പി. ശശീധരൻ കാസർഗോട്ടെ ലോഡ്ജിൽ തൂങ്ങിമരിച്ചപ്പോൾ പ്രതിക്കൂട്ടിലായത് സിപിഎമ്മായിരുന്നു.
മുഖ്യാധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഎം തളിപ്പറന്പ് എംഎൽഎയായ ജയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റത്തിന് ജയിംസ് മാത്യു അറസ്റ്റിലായത്. എംഎൽഎയുടെ ഭീഷണി അതിജീവിക്കാനാകാതെയാണ് താൻ മരണത്തിന് കീഴടങ്ങുന്നതെന്നായിരുന്നു ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നത്.
തുടർന്നാണ് ജയിംസ് മാത്യു എംഎൽഎ കേസിൽ പ്രതിയാകുന്നത്. ടാഗോർ വിദ്യാനികേതൻ സ്കൂളിൽ 1.80 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് എംഎൽഎ ഫണ്ടിൽനിന്നും അനുമതി ലഭിച്ചിരുന്നു. ഈ തുക വിനിയോഗിക്കുന്പോൾ ചിലർ കമ്മീഷൻ ആവശ്യപ്പെട്ടതായും ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു. കേസിൽ രണ്ടാം പ്രതിയായിരുന്നു ജയിംസ് മാത്യു. പിന്നീട് കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.
ആന്തൂരിലെ പ്രവാസി വ്യവസായിയായ പാറയിൽ സാജന്റെ ആത്മഹത്യയിലും ആദ്യം പ്രതിക്കൂട്ടിലായത് സിപിഎം നേതൃത്വമായിരുന്നു. 2019 ജൂൺ 18നാണ് സാജനെ കണ്ണൂർ കൊറ്റാളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. നിർമാണം പൂർത്തിയായ പാർഥാസ് കൺവൻഷൻ സെന്ററിന്റെ ഉടമസ്ഥാവകാശ രേഖ ലഭിക്കാത്തതിൽ മനംനൊന്തായിരുന്നു ആത്മഹത്യ.
ആന്തൂർ നഗരസഭാധ്യക്ഷയും ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുമായിരുന്നു അന്ന് പ്രതിക്കൂട്ടിൽ. എന്നാൽ, കേസ് അന്വേഷിച്ച സംഘം ആത്മഹത്യാ പ്രേരണാക്കുറ്റമില്ലെന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ, എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിലും സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പി.പി. ദിവ്യയാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്. ആത്മഹത്യാ പ്രേരണാക്കുറ്റവും പി.പി. ദിവ്യയ്ക്കെതിരേ ചുമത്തിയേക്കും.
റെനീഷ് മാത്യു