പതിമൂന്നുകാരിയും തട്ടിക്കൊണ്ടുപോയ യുവാവും കസ്റ്റഡിയിൽ
1461301
Tuesday, October 15, 2024 7:10 AM IST
പയ്യന്നൂർ: കാണാതായ കുഞ്ഞിമംഗലത്തെ പതിമൂന്നുകാരിയെയും തട്ടിക്കൊണ്ടുപോയ യുവാവിനെയും ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. കുഞ്ഞിമംഗലം തെക്കുമ്പാട് താമസിക്കുന്ന കർണാടക സ്വദേശിയായ പതിമൂന്നുകാരിയെയും ബംഗളൂരു സ്വദേശിയായ യുവാവിനെയുമാണ് യുവാവിന്റെ സഹോദരന്റെ വീട്ടിൽനിന്ന് പയ്യന്നൂർ പോലീസ് കണ്ടെത്തിയത്.
ഈ മാസം എട്ടിനു പുലർച്ചെ മൂന്നോടെയാണ് കുട്ടിയെ കാണാതായതെന്നാണ് പയ്യന്നൂർ പോലീസിൽ സഹോദരി നൽകിയ പരാതി. അവിനാഷ് എന്ന യുവാവാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായുള്ള പരാതിയിൽ കേസെടുത്ത പോലീസ് ഈ യുവാവ് തള്ളിക്കൊണ്ടു പോകുന്ന സ്കൂട്ടറിനു പിന്നാലെ നടന്നുപോകുന്ന പെൺകുട്ടിയുടെ സിസിടിവി ദൃശ്യം കണ്ടെത്തിയിരുന്നു. അവിനാഷിന്റെ മൊബൈൽ സ്വിച്ച് ഓഫായിരുന്നത് അന്വേഷണത്തിന്റെ വേഗത കുറച്ചു. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തിയ പോലീസിനു ലഭിച്ച സൂചനകളെ തുടർന്നാണു പോലീസ് സംഘം ബംഗളൂരുവിലെത്തിയത്.
ബംഗളൂരുവിൽ അവിനാഷിന്റെ സഹോദരന്റെ താമസസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഇരുവരെയും പയ്യന്നൂരിലെത്തിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം പെൺകുട്ടിയെ ചൈൽഡ് ലൈനിന് മുന്നിൽ ഹാജരാക്കി. പയ്യന്നൂർ എസ്ഐ പവിത്രൻ, സീനിയർ സിപിഒ ഷംസുദ്ദീൻ, സുമിനേഷ് എന്നിവരടങ്ങിയ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്തിയത്.
മീൻപിടിത്തത്തിനായി കർണാടകത്തിൽ നിന്നും കേരളത്തിലെത്തിയ പെൺകുട്ടിയുൾപ്പെടുന്ന കുടുംബം ആറുവർഷമായി കുഞ്ഞിമംഗലത്തായിരുന്നു താമസം.