മാഹി തിരുനാൾ: ഭക്തിസാന്ദ്രമായി നഗരപ്രദക്ഷിണം
1461295
Tuesday, October 15, 2024 7:10 AM IST
മാഹി: മാഹി സെന്റ് തെരേസ ബസിലിക്കയിൽ അദ്ഭുതപ്രവർത്തകയായ ആവിലായിലെ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ജാഗരം ആഘോഷമായി ആചരിച്ചു. ആയിരക്കണക്കിന് വിശ്വാസികളാണ് ഇന്നലെ ബസിലിക്കയിൽ എത്തിച്ചേർന്നത്.
വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, ഫൊറോന വികാരി ഡോ. ജെറോം ചിങ്ങന്തറ, ഫാ. ടോണി ഗ്രേഷ്യസ്, ഫാ. പോൾ എ.ജെ എന്നിവർ സഹകാർമികരായി. വിശുദ്ധ അമ്മ ത്രേസ്യ പരിശുദ്ധാത്മാവിന്റെ ഉപകരണമാണെന്ന് റവ. ഡോ. ആന്റണി വാലുങ്കൽ വചനസന്ദേശത്തിൽ പറഞ്ഞു.
തിരുനാളിന് എത്തിയ സഹായമെത്രാനെ പള്ളിയുടെ പ്രധാന കവാടത്തിൽ ഹാരാർപ്പണം നൽകി സ്വീകരിച്ചു. നൊവേനയ്ക്കുശേഷം വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് ദീപാലംകൃതമായ വാഹനത്തിൽ നഗരപ്രദക്ഷിണം നടത്തി. പള്ളിയിൽനിന്നു രാത്രി 7.45 ന് പുറപ്പെട്ട് പഴയ പോസ്റ്റ് ഓഫീസ്, ടാഗോർ പാർക്ക്, ആശുപത്രി ജംഗ്ഷൻവഴി പൂഴിത്തല, ശ്രീകൃഷ്ണ ക്ഷേത്രം, മാഹി ആശുപത്രി, ലാ ഫാർമാ റോഡ്, ആന വാതുക്കൽ അമ്പലം, സെമിത്തേരി റോഡുവഴി രാത്രി പതിനൊന്നോടെ പള്ളിയിൽ എത്തിച്ചേർന്നു. ശ്രീകൃഷ്ണ ക്ഷേത്രം ഭാരവാഹികൾ ക്ഷേത്ര പരിസരത്ത് രഥഘോഷയാത്ര എത്തിച്ചേർന്നപ്പോൾ സ്വീകരണം നൽകി.
തിരുനാളിന്റെ മുഖ്യദിനമായ ഇന്നു ശയനപ്രദക്ഷിണത്തെ തുടർന്ന് രാവിലെ 10.30ന് കോഴിക്കോട് ബിഷപ് റവ. ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി നടക്കും. വൈകുന്നേരം അഞ്ചിന് മേരിമാത കമ്യൂണിറ്റി ഹാളിൽ സ്നേഹ സംഗമം മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. പൗരപ്രമുഖരും മാഹി അഡ്മിനിസ്ട്രേഷനിലെ വകുപ്പ് മേധാവികളും വിശിഷ്ടാതിഥികളും പങ്കെടുക്കും.