കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ശന്പള പ്രതിസന്ധി ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ സമരത്തിലേക്ക്
1460989
Monday, October 14, 2024 7:09 AM IST
പരിയാരം: സെപ്റ്റംബർ മാസത്തെ ശന്പളം കുടിശികയായതിൽ പ്രതിഷേധിച്ചും ശന്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടും കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരുടെ സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്. ഭരണകക്ഷി സംഘടനയായ കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ഇന്ന് രാവിലെ മെഡിക്കൽ കോളജ് ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തും.
പ്രതിപക്ഷ സർവീസ് സംഘടനയായ കേരള എൻജിഒ അസോസിയേഷൻ നാളെ കണ്ണൂർ നഗരത്തിൽ പിച്ചയെടുപ്പ് സമരം നടത്തും. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി 52 കോടി രൂപ കേരള സർക്കാർ ബജറ്റ് പ്രൊവിഷനായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയായി 23 കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ നിലപാടാണ് ശന്പള വിതരണത്തിന് തടസമാകുന്നതെന്ന് എൻജിഒ യൂണിയൻ കുറ്റപ്പെടുത്തി. രണ്ടുമാസം മുമ്പ് തന്നെ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് അപേക്ഷ നൽകിയിരുന്നുവെങ്കിലും ഇതുവരെയായിട്ടും തുക ലഭ്യമാക്കിയിട്ടില്ലെന്നും ഇവർ ആരോപിച്ചു.
ശമ്പളം നൽകാതെ ജീവനക്കാരെ പട്ടിണിക്കിടുന്ന സർക്കാർ നീതിപാലിക്കുക, 2018 മുതൽ തടഞ്ഞു വച്ച ആനുകൂല്യങ്ങൾ അനുവദിക്കുക, ആറുവർഷമായി പിടിച്ചുവച്ച ഡി.എ. അനുവദിക്കുക,
തടഞ്ഞുവച്ച ശമ്പള പരിഷ്കരണം നടപ്പിൽ വരുത്തുക, ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാർ നീതി പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എൻജിഒ അസോസിയേഷന്റ പിച്ചതെണ്ടൽ സമരം നടത്തുന്നത്. ഉദ്യോഗസ്ഥ മേധാവികളും അവരെ നയിക്കുന്ന സർക്കാരും ജീവക്കാരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് തയാറാകുന്നില്ലെന്നും അസോസിയേഷന് ഭാരവാഹികൾ ആരോപിച്ചു.