ചെറുപുഴ സബ് ട്രഷറിക്ക് കെട്ടിടം നിർമിക്കാൻ നിവേദനം
1460765
Saturday, October 12, 2024 5:18 AM IST
ചെറുപുഴ: ചെറുപുഴ സബ് ട്രഷറിക്ക് കെട്ടിടം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടറിന് നിവേദനം നൽകി. 2012ൽ അനുവദിച്ചതാണ് സബ് ട്രഷറി.
ചെറുപുഴ, എരമം-കുറ്റൂർ, പെരിങ്ങോം-വയക്കര, കാസർഗോഡ് ജില്ലയിലെ ഈ സ്റ്റ്-എളേരി പഞ്ചായത്തു കളിലെ പെൻഷൻകാരും ജീവനക്കാരും ചെറുപുഴ ട്രഷറിയെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതുവരെയും ട്രഷറിക്ക് കെട്ടിടം നിർമിക്കുവാൻ കഴിഞ്ഞിട്ടില്ല.
ഇപ്പോഴും വാടക കെട്ടിടത്തിലാണു ട്രഷറി പ്രവർത്തിക്കുന്നത്. ചെറുപുഴ ബസ്സ്റ്റാൻഡിനു സമീപം പഞ്ചായത്ത് ഓഫീസിനോടു ചേർന്ന് സർവീസ് പെൻഷൻകാർ മുൻകൈയെടുത്ത് ട്രഷറിക്ക് കെട്ടിടം നിർമിക്കുവാൻ 2018ൽ സ്ഥലം വാങ്ങി നൽകിയെങ്കിലും ഇതുവരെ കെട്ടിടം പണി തുടങ്ങിയിട്ടില്ല.
നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടാകാത്തതിനാലാണ് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടറിന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്. പി.ജെ. മാത്യു പാഴൂർ, പി.കെ. ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.