നുച്യാട്ടെ മോഷണം: ഫോറൻസിക് വിഭാഗം പരിശോധന നടത്തി
1460639
Friday, October 11, 2024 7:49 AM IST
ഉളിക്കൽ: നുച്യാട്ട് പൂട്ടിയിട്ട വീട്ടിൽ പട്ടാപ്പകൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഫോറൻസിക് വിഭാഗം പരിശോധന നടത്തി. കല്ലിപ്പീടികയിൽ ബഷീറിന്റെ വീട്ടിലായിരുന്നു കഴിഞ്ഞ ബുധനാഴ്ച് മോഷണം നടന്നത്.
കിണറിനോട് ചേർന്ന് വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാലയും മോതിരവുമടക്കം രണ്ടേ കാൽ പവനാണ് കവർന്നത്. വീട്ടിലുള്ളവർ വീട് പൂട്ടി സമീപത്തെ തറവാട്ട് വീട്ടിൽ പോയി മടങ്ങി വന്നപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. ആഭരണങ്ങളിൽ സ്വർണമല്ലാത്തവയും ഉണ്ടായിരുന്നു. ഇതിൽ നിന്നും സ്വർണം മാത്രമാണ് നഷ്ടപ്പെട്ടത്. കവർച്ചയ്ക്കു പിന്നിൽ പ്രഫഷണൽ മോഷ്ടാക്കളാണെന്നാണ് പ്രാഥമിക നിഗമനം.
ജില്ലയിലെ പ്രഫഷണൽ കവർച്ചക്കാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്. മോഷണം നടന്ന വീട്ടിലും സമീപത്തെ വീടുകളിലും സിസിടിവി ഇല്ലാതിരുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത് . മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നതായി ഉളിക്കൽ സി ഐ അരുണ്‍ദാസ് അരുൺദാസ് പറഞ്ഞു. എസ്ഐ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല.