അശ്വനികുമാർ വധം: വിധി 14ന്
1460300
Thursday, October 10, 2024 8:54 AM IST
തലശേരി: ഹിന്ദു ഐക്യവേദി ജില്ലാ കൺവീനറും ഇരിട്ടി പ്രഗതി കോളജ് അധ്യാപകനുമായിരുന്ന മീത്തലെ പുന്നാട്ടെ അശ്വനികുമാറിനെ(27) ബസിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് 14ന് വിധി പറയും. കേസിൽ 42 സാക്ഷികളെയാണ് വിസ്തരിച്ചത്. 85 രേഖകളും 57 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. വിചാരണയുടെ അടിസ്ഥാനത്തിലുള്ള വാദവും പ്രതികളെ ചോദ്യം ചെയ്യലും കോടതി പൂർത്തിയാക്കിയിരുന്നു. ഡിവൈഎസ്പി ഡി. സാലിയാണ് കുറ്റപത്രം സമർപ്പിച്ചത്.
അശ്വനികുമാർ വധത്തെ തുടർന്ന് പത്ത് ദിവസത്തിനുള്ളിൽ ഇരിട്ടി പോലീസ് സബ് ഡിവിഷൻ പരിധിയിൽ നിരവധി അക്രമങ്ങൾ അരങ്ങേറുകയും 120 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.വിചാരണ വേളയിൽ ഒന്നു മുതൽ മൂന്നു വരെ സാക്ഷികളും പതിനൊന്നാം സാക്ഷിയും പ്രതികളെയും ആയുധങ്ങളും തിരിച്ചറിഞ്ഞിരുന്നു.
2005 മാർച്ച് 10ന് രാവിലെ 10.15നാണ് കേസിനാസ്പദമായ സംഭവം. കണ്ണുരിൽ നിന്ന് പേരാവൂരിലേക്ക് പോവുകയായിരുന്ന അശ്വനികുമാറിനെ ഇരിട്ടി പയഞ്ചേരി മുക്കിൽ ബസ് തടഞ്ഞുനിർത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്. ബസിലും ജീപ്പിലുമായി എത്തിയ പ്രതികൾ ബസിനുള്ളിൽ വച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പാരലൽ വെമ്പടിയിലെ പുതിയവീട്ടിൽ അസീസ്(42), മയ്യിൽ കണ്ണാടിപറമ്പത്ത് കുഞ്ഞറക്കൽ തയ്യാടവളപ്പിൽ നുഹുൽ അമീൽ(40), ചാവശേരി നരയൻപാറ ഷെരിഫ മൻസിൽ എം.വി. മർസൂക്ക്(38), ചാവശേരി പുതിയവീട്ടിൽ മൈക്കോട്ട് പി.എം. സിറാജ്(42), ശിവപുരം പടുപാറ ചെങ്ങോത്ത് പുതിയപുരയിൽ എ.പി. ഹൗസിൽ സി.പി. ഉമ്മർ(40), ഉളിയിൽ ഷാഹിദ മൻസിൽ മാവിലക്കണ്ടി എം.കെ. യൂനുസ്(43), ഉളിയിൽ ചാവശേരി രയരോത്ത് കറുവന്റെ വളപ്പിൽ ആർ.കെ. അലി(45), ചാവശേരി നരയൻപാറ പാറയിൽ കരുവന്റെവളപ്പിൽ ടി.കെ. ഷമീർ(38), കോലാരി പാലോട്ടുപള്ളി കൊവ്വൽ നൗഫൽ(39), തന്തോട് തങ്ങലോട്ട് യാക്കൂബ്(41), ഉളിയിൽ നരയൻപാറ സി.എം. വീട്ടിൽ മുസ്തഫ(47), കീഴുർ കോട്ടക്കുന്ന് വീട്ടിൽ വൈയ്യപ്രത്ത് ബഷീർ(53), ഇരിക്കൂർ മുംതാസ് മൻസിൽ കെ. ഷമ്മാസ്(35), ഇരിക്കൂർ മുംതാസ് മൻസിൽ കെ. ഷാനവാസ്(35) എന്നിവരാണ് കേസിലെ പ്രതികൾ. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജോസഫ് തോമസ്, അഡ്വ.പി. പ്രേമരാജൻ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. പി.സി. നൗഷാദ്, അഡ്വ. രഞ്ജിത്ത് മാരാർ എന്നിവരും ഹാജരായി.