നെടുംപൊയിൽ ചുരത്തിലെ പണിക്കിടെ മരിച്ച പീറ്ററിന്റെ കുടുംബത്തിന് പത്തുലക്ഷം നൽകും
1460293
Thursday, October 10, 2024 8:54 AM IST
നെടുംപൊയിൽ: നെടുംപൊയിൽ ചുരത്തിലെ ഇരുപത്തിയൊന്പതാംമൈലിൽ റോഡ് നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ച നിർമാണത്തൊഴിലാളി പീറ്ററിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ധനസഹായം നൽകും.
നെടുംപൊയിലിൽ ചേർന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് ഇതു സംബന്ധിച്ച നിർദേശം ഉയർന്നത്. കരാറുകാരനാണ് ധനസഹായം നൽകുക. ഇതു സംബന്ധിച്ച് അദ്ദേഹം സമ്മതം അറിയിച്ചു. പീറ്ററിന്റെ മരണത്തിനിടയാക്കിയത് കരാറുകാരന്റെയും അധികൃതരുടെയും അനാസ്ഥയാണെന്ന് യോഗത്തിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരുന്നു.
പീറ്ററിന്റെ കുടുംബത്തിന് സർക്കാരിൽ നിന്ന സഹായം ലഭ്യമാക്കാനും നിർത്തിവച്ച റോഡ് നിർമാണം പുനരാരംഭിക്കാനും യോഗതത്തിൽ തീരുമാനമായി. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി അധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പാറക്കൽ, കണിച്ചാർ പഞ്ചായത്തംഗം ജിമ്മി ഏബ്രഹാം, എം. രാജൻ, പ്രേംജിത്ത്, ബാബു, ഷജിൽകുമാർ, എ.ജെ. ജയ്സൺ, ഷാജി ജോൺ, എം. ജഗദീഷ്, സ്വപ്ന പ്രിൻസ് എന്നിവർ പ്രസംഗിച്ചു.