ഇരിക്കൂർ ഉപജില്ലാ സ്കൂൾ കായികമേള; ചെന്പേരി നിർമല സ്കൂളിന് കിരീടം
1460292
Thursday, October 10, 2024 8:45 AM IST
പയ്യാവൂർ: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൈസക്കരി ദേവമാതാ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കായികമേളയിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിന് കിരീടം. അത്ലറ്റിക്സ് മത്സരങ്ങളിൽ 192 പോയിന്റ് നേടിയാണ് ചെമ്പേരി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. 178 പോയിന്റോടെ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ റണ്ണേഴ്സപ്പായി.102 പോയിന്റുകൾ നേടിയ പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിനാണ് മൂന്നാംസ്ഥാനം.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പൈസക്കരി ദേവമാതാ സ്കൂൾ മാനേജർ ഫാ. നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ, ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സോജൻ ജോർജ്, സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ഷാരോൺ പി. പ്രഭാകർ, ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് സോജൻ നെട്ടനാനിയ്ക്കൽ, യുപി സ്കൂൾ പിടിഎ പ്രസിഡന്റ് ജിജി ഐപ്പൻപറമ്പിൽ, ദേവമാതാ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ.ഡി. സണ്ണി, ഹൈസ്കൂൾ മുഖ്യാധ്യാപകൻ സി.എ. ജോസഫ് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ട്രോഫികൾ സമ്മാനിച്ചു.