മധ്യവയസ്കയുടെ 28 ലക്ഷം തട്ടിയെടുത്തതായി പരാതി
1460287
Thursday, October 10, 2024 8:45 AM IST
തളിപ്പറമ്പ്: സാമ്പത്തിക കുറ്റകൃത്യത്തില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വെരിഫിക്കേഷന് ശേഷം തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തും മധ്യവയസ്കയുടെ 28 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപത്തെ മാങ്കൊമ്പില്‍ വീട്ടില്‍ ഉഷ വി. നായരാണ് (58) തട്ടിപ്പിന് ഇരയായത്. ഹൈദരാബാദ് സാഫില്‍ഗുഡയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ അക്കൗണ്ടുള്ള രണ്ടുപേരാണ് തട്ടിപ്പിന് പിന്നില്‍ എന്ന് പരാതിയില്‍ പറയുന്നു. സെപ്റ്റംബർ 27ന് രാവിലെ 9.22 മുതല്‍ ഒക്ടോബര്‍ മൂന്ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ വാട്സ് ആപ്പില്‍ വീഡിയോ കോള്‍ വിളിച്ച് താങ്കൾ ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ടെന്നും അന്വേഷണം നടത്തി കുറ്റക്കാരിയല്ലെന്ന് കണ്ടാൽ പ്രശ്നമില്ലെന്നും പറഞ്ഞായിരുന്നു ഫോൺ. എന്നാൽ, ഇതു സംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നതിനായി പണം കെട്ടിവെക്കണമെന്നും കുറ്റക്കാരിയല്ലെന്ന് കണ്ടാൽ പണം തിരിച്ചു ലഭിക്കുമെന്നും അറിയിച്ചു.
പണം അയക്കാനുള്ള അക്കൗണ്ട് നന്പറും നൽകി. രണ്ട് തവണകളായി പണ ട്രാൻസ്ഫർ ചെയ്തു കൊടുത്തതായും പരാതിയിൽ പറയുന്നു. തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.