ചുരം രഹിത പാത: ആനത്താര മുറിയുമെന്ന് വനംവകുപ്പ്; ഇല്ലെന്ന് നാട്ടുകാർ
1459969
Wednesday, October 9, 2024 7:40 AM IST
കൊട്ടിയൂർ: കൊട്ടിയൂർ- അമ്പായത്തോട് -44-ാം മൈൽ ചുരം രഹിത പാത വരുന്പോൾ ആനത്താര മുറിയുമെന്ന വാദവുമായി വനംവകുപ്പ്. എന്നാൽ വനംവകുപ്പിന്റെ വാദം അടിസ്ഥാന രഹിതവും വസ്തുതയ്ക്ക് നിരക്കാത്തതുമാണെന്ന് മാപ്പ് ചൂണ്ടിക്കാട്ടി നാട്ടുകാർ. ചുരം രഹിത പാത സംബന്ധിച്ച് ജനപ്രതിനിധികളം മറ്റും സമർപ്പിക്കുന്ന നിവേദനങ്ങൾ അവസാനഘട്ടത്തിലെത്തുക വനംവകുപ്പിലാണ്.
ചുരം രഹിത പാത വനത്തിലൂടെ കടന്നുപോകുന്പോൾ വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കും പശ്ചിമഘട്ടത്തിലൂടെയുള്ള ആനകളുടെ സഞ്ചാരപാതയായ ആനത്താരയ്ക്കും തടസമാകുമെന്നാണ് വനംവകുപ്പ് ഉന്നയിക്കുന്നത്.
എന്നാൽ വനംവകുപ്പ് കാലാകാലങ്ങളായി ഉന്നയിക്കുന്ന ഈ വാദം ശരിയല്ലെന്ന് കഴിഞ്ഞ ദിവസം നടന്ന സർവകക്ഷിയോഗത്തിൽ കൊട്ടിയൂർ പഞ്ചായത്തംഗവും സിപിഐ നേതാവുമായി ഷാജി പൊട്ടയിൽ പുറത്തുവിട്ട മാപ്പ് വ്യക്തമാക്കുന്നു. ഇതിൽ കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി രേഖപ്പെടുത്തിയിരിക്കുന്നതും അതിലൂടെ നിർദിഷ്ട റോഡിനായുള്ള പ്രപ്പോസൽ കടന്നുപോകുന്ന രേഖയുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ രേഖ പ്രകാരം നിർദിഷ്ട റോഡ് കടന്നുപോകുന്നത് കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിലൂടെ മാത്രമാണ്. ഇതുമൂലം വനം വകുപ്പിന് ഒരുതരത്തിലുള്ള നാശനഷ്ടമോ വന്യമൃഗങ്ങളുടെ സ്വൈരസഞ്ചാരത്തിന് തടസമോ ഉണ്ടാകില്ലെന്നും വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വനം വകുപ്പ് ഉന്നയിക്കുന്ന തടസവാദങ്ങൾ സർക്കാരിന് പൂർണമായും മറികടക്കാനാകുമെന്നാണ് സർവകക്ഷിയോഗം പ്രതീക്ഷിക്കുന്നത്. സർക്കാർ നിലപാട് അനുകൂലമാകുന്നില്ലെങ്കിൽ നിയമപരമായി നേരിടുന്നതും ആലോചനയിലുണ്ട്.
ഇതിന് അടിസ്ഥാന രേഖയായി പറയുന്നത് കൊട്ടിയൂർ പഞ്ചായത്ത് ലീസ് അടച്ച് ഉപയോഗിച്ചുകൊണ്ടിരുന്ന റോഡാണിതെന്നാണ്. ഇതിന്റെ രേഖകളും ലഭ്യമാണ്. പിന്നീട് വനം വകുപ്പ് ഏകപക്ഷീയമായി ഈ റോഡ് അടയ്ക്കുകയായിരുന്നു. ഉന്നയിക്കാവുന്ന പ്രധാനവാദം ഇതൊരു പുതിയ റോഡല്ലെന്നും വർഷങ്ങളായി ഉപയോഗിച്ചുവന്നിരുന്നതാണ് എന്നതുമാണ്. അതിന് അടിസ്ഥാനമായി രേഖകളും ലഭ്യമാണ്. ഇത്തരത്തിൽ ഒരു വാദം കോടതി ഉന്നയിച്ചാൽ റോഡ് തുറന്നുകിട്ടാൻ തടസമുണ്ടാകില്ലെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.
എറണാകുളം-മൂന്നാർ രാജപാത സംബന്ധിച്ചും സമാന രീതിയിൽ നേരത്തെ തടസവാദങ്ങളുണ്ടായിരുന്നുവെന്നും എന്നാൽ നൂറ്റാണ്ടുകളായി ഉപയോഗിച്ചുപോന്നതിന്റെ രേഖകളുടെ അടിസ്ഥാനത്തിൽ പിന്നീട് അംഗീകരിക്കപ്പെടുകയായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിൽ ദേശീയ കടുവാ സങ്കേതത്തിനുള്ളിലൂടെ റോഡ് നിർമിച്ച വസ്തുതയും നിലനിൽക്കുന്നുണ്ട്.