വൈദ്യുതലൈനിൽ മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു
1459779
Tuesday, October 8, 2024 8:27 AM IST
ഇരിട്ടി: ശക്തമായ കാറ്റിലും മഴയിലും നേരംപോക്ക് റോഡിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് മരം പൊട്ടിവീണ് ഒരു മണിക്കൂറിലേറെ ഗതാഗതവും വൈദ്യുത വിതരണവും തടസപ്പെട്ടു. ഇരിട്ടി കോ ഓപറേറ്റീവ് ബാങ്ക് ഹെഡ് ഓഫീസിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മരത്തിന്റെ മുകൾഭാഗമാണ് ലൈനിലേക്ക് പൊട്ടിവീണത്.
ഇരിട്ടി അഗ്നിശമനസേന ഏറെനേരം പരിശ്രമിച്ചാണ് വൈദ്യുതി ലൈനിൽ തൂങ്ങിക്കിടന്ന മരത്തടി ഇവിടെ നിന്നും മാറ്റി ഗതാഗതവും വൈദ്യുതിയും പുനസ്ഥാപിച്ചത്. ഇവിടെ റോഡരികിൽ നിർത്തിയിട്ട രണ്ടു കാറുകൾ മാറ്റാനാകാഞ്ഞത് വൈദ്യുത ലൈനിൽ വീണ മരം നീക്കം ചെയ്യുന്നതിന് തടസമായി. ഒരു കാർ അഗ്നിശമന സേന സ്ഥലത്ത് നിന്ന് മാറ്റിയെങ്കിലും രണ്ടാമത്തെ കാർ നീക്കാനായില്ല. പിന്നീട് കാറിന്റെ ഉടമയെത്തിയശേഷം മാറ്റിയതിനു പിന്നാലെയാണ് വൈദ്യുത ലൈനിലെ മരത്തടി നീക്കാനായത്.