തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം നാളെ മുതൽ; വിളംബര ജാഥ നടത്തി
1459334
Sunday, October 6, 2024 6:44 AM IST
പെരുമ്പടവ്: തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം നാളെ മുതൽ പത്തുവരെ പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സബ് ജില്ലയിലെ 113 സ്കൂളുകളിലെ മത്സരാർഥികളാണു മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഇതിനായി 12 സ്റ്റേജുകൾ സജ്ജീകരിച്ചതായി സംഘാടകസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു.
കലോത്സവത്തിന് മുന്നോടിയായി പെരുമ്പടവിൽ കലവറ നിറയ്ക്കൽ ഘോഷയാത്രയും വിളംബര ജാഥയും സംഘടിപ്പിച്ചു. വിളംബര ജാഥ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കലോത്സവത്തിന്റെ ഉദ്ഘാടനം എട്ടിനു രാവിലെ 10ന് ഫിലിം ആർട്ടിസ്റ്റ് ഉണ്ണിരാജ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. തലശേരി കോർപറേറ്റ് ഏജൻസി മാനേജർ ഫാ. മാത്യു ശാസ്താംപാടവിൽ മുഖ്യപ്രഭാഷണം നടത്തും.
സമാപന സമ്മേളനം 10ന് രാത്രി ഏഴിന് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിക്കും. മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, സ്കൂൾ മാനേജർ ജോർജ് തൈക്കുന്നുംപുറം, പ്രിൻസിപ്പൽ ജോസ്കുട്ടി, മുഖ്യാധ്യാപകൻ ജോസി മാത്യു, പിടിഎ പ്രസിഡന്റ് ഷാബു ആന്റണി, സ്കൂൾ വികസന സമിതി കൺവീനർ ജയിംസ് ഇല്ലിക്കൽ എന്നിവർ പങ്കെടുത്തു.