വിദ്യാർഥികൾക്ക് പഠന പിന്തുണയുമായി ഭവന സന്ദർശനം
1459128
Saturday, October 5, 2024 7:22 AM IST
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ "കൂടെ 2024' എന്ന പേരിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കായി ഭവന സന്ദർശന പരിപാടി സംഘടിപ്പിച്ചു. അധ്യാപകർ, സ്കൂൾ പിടിഎ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭവന സന്ദർശനം. പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠന പിന്തുണ നൽകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഭവന സന്ദർശന പരിപാടി സ്കൂൾ മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മുഖ്യാധ്യാപകൻ സിബി ഫ്രാൻസിസ്, പിടിഎ പ്രസിഡന്റ് സൈജു ഇലവുങ്കൽ, മദർ പിടിഎ പ്രസിഡന്റ് റീന സജി, സീനിയർ അസിസ്റ്റന്റ് മജി മാത്യു, സ്റ്റാഫ് സെക്രട്ടറി ബിജു എം. ദേവസ്യ, വിദ്യാരംഗം കൺവീനർ കെ.സി. ലിസി, അധ്യാപകരായ കെ.ജെ. തോമസ്, ഷംസുദ്ദീൻ ഇഞ്ചിക്കലകത്ത് എന്നിവർ നേതൃത്വം നൽകി.