ആർക്കും വേണ്ടാത്ത ഇഎസ്എ കേരളത്തിനും വേണ്ട: ബിനോയ് തോമസ്
1459119
Saturday, October 5, 2024 7:14 AM IST
പയ്യാവൂർ: ഭൂവിസ്തൃതിയുടെ 30 ശതമാനം വനവും 54 ശതമാനം വനാവരണവുമുള്ള കേരളത്തിലും ഇഎസ്എ പൂർണമായും വനത്തിനുള്ളിൽ നിജപ്പെടുത്തി വിജ്ഞാപനം സംബന്ധിച്ച അന്തിമ റിപ്പോർട്ട് കേന്ദ്രത്തിന് നല്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് (ആർകെഎംഎസ്) സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ആവശ്യപ്പെട്ടു.
ആർകെഎം എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാവൂർ സബ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ജില്ലാതല കർഷക പ്രതിഷേധ കൂട്ടായ്മകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ മൂന്ന് വർഷം മുമ്പ് കർഷക സമരത്തിനിടയിലേക്ക് കാർ ഓടിച്ചു കയറ്റി അഞ്ച് കർഷകരെ കൊലപ്പെടുത്തിയ കുറ്റവാളികളെ കൽത്തുറുങ്കിലടക്കുക, ഇഎസ്എ കേരളത്തിനും വേണ്ടന്ന് പ്രഖ്യാപിക്കുക, വന്യമൃഗശല്യവും വിലയിടിവും ജപ്തി ലേല നടപടികളുമുൾപ്പെടെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ആർകെഎംഎസ് ജില്ലാ ചെയർമാൻ സണ്ണി തുണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഇൻഫാം സംസ്ഥാന വൈസ് ചെയർമാൻ സ്കറിയ നെല്ലംകുഴി മുഖ്യപ്രഭാഷണം നടത്തി. കുര്യാക്കോസ് പുതിയിടത്തുപറ മ്പിൽ, ജയിംസ് പന്ന്യാംമാക്കൽ, ജോസഫ് വടക്കേക്കര, അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ബിജു സെബാസ്റ്റ്യൻ, ഗർവാസീസ് കല്ലുവയൽ, എം.വി. ലീലാമ്മ, ലാലിച്ചൻ ശാലോം, അമൽ കുര്യൻ, ചാക്കോ, ആനന്ദൻ പയ്യാവൂർ, വിജയൻ മുല്ലപ്പള്ളിൽ കെ.വി. ചാക്കോ എന്നിവർ പ്രസംഗിച്ചു.