കണ്ണൂർ കമ്മീഷണർ ഓഫീസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി
1459114
Saturday, October 5, 2024 7:14 AM IST
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഇന്നലെ രാവിലെ 11ഓടെയാണ് എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പ്രവർത്തകർ ബാരിക്കേഡ് തള്ളിയിടാൻ ശ്രമിച്ചപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
തുടർന്ന് പോലീസും യൂത്ത് ലീഗ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്. പ്രതിഷേധ മാർച്ച് യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.സി. നസീർ, ട്രഷറർ അൽത്താഫ് മാങ്ങാടൻ, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള, എം.പി. മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.
ബാഫഖി സൗധത്തിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് നൗഫൽ മെരുവമ്പായി, അലി മംഗര, ലത്തീഫ് എടവച്ചാൽ, എം.എ. ഖലീലുൽ റഹ്മാൻ, എസ്.കെ. നൗഷാദ്, ഫൈസൽ ചെറുകുന്നോൻ, കെ.കെ. ഷിനാജ്, തസ്ലീം ചേറ്റംകുന്ന് എന്നിവർ നേതൃത്വം നല്കി.