മാലിന്യങ്ങളിൽനിന്ന് ജൈവ വളം പദ്ധതിയുമായി ഇരിട്ടി നഗരസഭ
1459113
Saturday, October 5, 2024 7:14 AM IST
ഇരിട്ടി: നഗരത്തിൽ നിന്ന് പുറന്തള്ളുന്ന ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് ഗുണമേന്മയുള്ള ജൈവ വളം ഉത്പാദിപ്പിച്ച് വില്പന നടത്തുന്ന നടപടികളുമായി ഇരിട്ടി നഗരസഭ. ഹരിതകർമ സേനാംഗങ്ങൾ ഇരിട്ടി ടൗണിൽ നിന്ന് ശേഖരിക്കുന്ന 1.5 ടൺ ജൈവ മാലിന്യം അത്തിത്തട്ടിലെ ജൈവമാലിന്യ പരിപാലന കേന്ദ്രത്തിൽ എത്തിച്ച് വിൻട്രോ കമ്പോസ്റ്റ്, തുമ്പൂർമുഴി തുടങ്ങിയവയിലൂടെ സംസ്കരിച്ച് ഉണക്കി പൊടി രൂപത്തിലാക്കിയാണ് ജൈവവളം തയാറാക്കി വില്പന നടത്തുന്നത്.
എല്ലാ കൃഷിക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് വളം നിർമാണം. ജൈവാമൃതം എന്ന പേരിലാണ് ജൈവവളം വില്പന. 25 കിലോ വരുന്ന ചാക്കിന് 100 രൂപ ഈടാക്കി നഗരസഭ നേരിട്ട് വില്പന നടത്തുകയാണ്. ജൈവം വള വില്പനയുടെയും ട്രഞ്ചിംഗ് ഗ്രൗണ്ടിലെ എംസിഎഫിൽ അഗ്നി സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന്റെയും ഉദ്ഘാടനം ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു.
വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. രവിന്ദ്രൻ, കെ. സുരേഷ്, കൗൺസിലർ എൻ.കെ. ഇന്ദുമതി, പി. രഘു, ക്ലീൻസിറ്റി മാനേജർ കെ.വി. രാജിവൻ,ഹരിത കേരള മിഷൻ റിസോസ്പേഴ്സൺ ജയപ്രകാശ് പന്തക്ക, കെ.ആർ. അശോകൻ എന്നിവർ പ്രസംഗിച്ചു.