വിദ്യാര്‍ഥികള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരകരാകണം: രമേശ് ചെന്നിത്തല
1458891
Friday, October 4, 2024 6:19 AM IST
കണ്ണൂര്‍: ഗാന്ധിയന്‍ ചിന്തകളെ അപ്രസക്തമാക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇതിനെ പ്രതിരോധിക്കാനും ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരകരാകാനും വിദ്യാർഥി സമൂഹമടക്കം രംഗത്തിറങ്ങണമെന്ന് രമേശ് ചെന്നിത്തല എംഎൽഎ.
മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്-അഴീക്കോട് നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ "ഗാന്ധിജിയെ അറിയുക, ഇന്ത്യയെ അറിയുക' പദ്ധതിയുടെ പതിനഞ്ചാംഘട്ട ഉദ്ഘാടനം പുതിയതെരു രാമഗുരു യുപിസ്കൂളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂള്‍ ലൈബ്രറിക്ക് നല്കുന്ന പുസ്തകങ്ങള്‍ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോര്‍ജ് മുഖ്യാധ്യാപിക കെ.പി. ധനലക്ഷ്മിക്ക് കൈമാറി. കെ. ബാലകൃഷ്ണന്, കുക്കിരി രാജേഷ്, ബിജു ഉമ്മര്‍, കാട്ടാമ്പള്ളി രാമചന്ദ്രന്, എംആര്‍എസ് ട്രസ്റ്റ് സെക്രട്ടറി ജയ്സണ്‍ തോമസ്, കെ. ബാബു എന്നിവർ പ്രസംഗിച്ചു.