വള്ളിത്തോടും കൂട്ടുപുഴയിലും മണൽക്കടത്ത് വ്യാപകം
1458890
Friday, October 4, 2024 6:19 AM IST
ഇരിട്ടി: വള്ളിത്തോട്, കൂട്ടുപുഴ മേഖലകളിൽ മണൽ കടത്തൽ വ്യാപകം. യാതൊരു രേഖകളും ഇല്ലാത്ത ടിപ്പർ ലോറികളിലാണ് മണൽ കടത്തുന്നത്. ഒരുതവണ പിടിച്ചാൽ കോടതി നിർദേശിക്കുന്ന തുക പിഴ കെട്ടി വാഹനം ഇറക്കുന്ന ലോബി വീണ്ടും ഈ വാഹനം മണൽ കടത്തലിന് ഉപയോഗിക്കുന്നു.
ഇവിടെ നിന്നും കടത്തുന്ന മണലിന്റെ ചെറിയൊരു ശതമാനം മാത്രമേ പോലീസിന് പിടികൂടാൻ കഴിയുന്നുള്ളൂ. കഴിഞ്ഞ വർഷം മണൽ കടത്തുന്ന വഴികൾ പോലീസ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കാന കീറി തടസപ്പെടുത്തിയിരുന്നെങ്കിലും സംഘം അടുത്തദിവസം കാന നികത്തി മണൽ കടത്തിയിരുന്നു.
കഴിഞ്ഞദിവസം വള്ളിത്തോട് ആനപ്പന്തി കവല പാലത്തിനു സമീപം അനധികൃതമായി കടത്താൻ ശ്രമിച്ച ഏകദേശം 150 അടി പുഴമണലും ടിപ്പർ ലോറിയും ഇരിട്ടി എസ്ഐ കെ. ഷറഫുദീനും സംഘവും പിടികൂടിയിരുന്നു.
ഒരു ടിപ്പർ ലോറിയിലെ ഏകദേശം 200 അടി വരുന്ന മണൽ ആവശ്യക്കാർ അനുസരിച്ച് 15,000 മുതൽ 20,000 രൂപയ്ക്കാണ് വില്പന നടത്തുന്നത്. ഇതിലൂടെ സർക്കാരിന് നഷ്ടപ്പെടുന്നത് ലക്ഷണങ്ങളുടെ നികുതി പണമാണ്.
പുഴ മണൽ ലേലത്തിന് വിട്ട് സ്വകാര്യ വ്യക്തികളുടെ മണൽകൊള്ള അവസാനിപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.