പ്രക്ഷോഭത്തിന് ഫലം കണ്ടു; അമരവയൽ പാടശേഖരത്തിൽ വരന്പ് പണി തുടങ്ങി
1458889
Friday, October 4, 2024 6:19 AM IST
ഉളിക്കൽ: മുൻ വർഷങ്ങളിലെതു പോലെ അമരവയൽ പാടശേഖര സമിതിയിലെ വരന്പ് നിർമാണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി ചെയ്യണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്-എം ഉളിക്കൽ മണ്ഡലം കമ്മിറ്റി നടത്തിയ പ്രക്ഷോഭത്തിന് ഫലം കണ്ടു.
പ്രക്ഷോഭത്തിന്റെ ഭാഗമായി നെൽവയൽ സംരക്ഷണ റാലി നടത്തിയതിനു പിന്നാലെ വരന്പിന്റെ പണി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് പഞ്ചായത്ത് ആലോചിച്ചിരുന്നു. ഇതിനു പിന്നാലെ അംഗീകാരം നൽകുകയും വരന്പ് നിർമാണത്തിനായി തൊഴിലുറപ്പ് തൊഴിലാളികളെ അയക്കുകയുമായിരുന്നു.
കഴിഞ്ഞദിവസം തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്കായി പാടശേഖരത്തിലെത്തിയപ്പോൾ കേരള കോൺഗ്രസ്-എം നേതാക്കൾ വയലിലെത്തി ഇവർക്ക് മധുരം നൽകി സ്വീകരിച്ചു. ഉളിക്കൽ മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ കൂമ്പക്കൽ, ടി.എൽ. ആന്റണി, ഇമ്മാനുവൽ ഉളിക്കൽ, ബാബു കല്ലുപുര, സി.എസ്. രാജൻ, ബിജു മനയിൽ എന്നിവർ പ്രസംഗിച്ചു.