അധ്യാപകരുടെ പണംതട്ടിയ അറ്റന്‍ഡര്‍ക്ക് 12 വര്‍ഷം തടവും 3.5 ലക്ഷം രൂപ പിഴയും
1458655
Thursday, October 3, 2024 5:50 AM IST
കാസര്‍ഗോഡ്: സ്കൂള്‍ രേഖകളില്‍ കൃത്രിമം കാണിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും പണം തട്ടിയെടുത്ത കേസില്‍ പ്രതിയായ മുന്‍ സ്കൂള്‍ അറ്റന്‍ഡര്‍ക്ക് 12 വര്‍ഷം തടവും 3.5 ലക്ഷം രൂപ പിഴയും. മൊഗ്രാല്‍ ജിവിഎച്ച്എസ്എസിലെ അറ്റന്‍ഡര്‍ ആയിരുന്ന ചെറുവത്തൂര്‍ കൊടക്കാട് അയനിക്കാട്ട് എ. ഹരികേശവിനെയാണ് (55) തലശേരി വിജിലന്‍സ് കോടതി ജഡ്ജി എ. രാമകൃഷ്ണന് ശിക്ഷിച്ചത്.
പിഴയടച്ചാല്‍ പണം നഷ്ടപ്പെട്ട 18 അധ്യാപകര്‍ക്ക് 5000 രൂപ വീതം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 1998ലാണ് കേസിനാസ്പദമായ സംഭവം. കൃത്രിമം കാണിച്ച് പേ ബില്ല്, ട്രഷറി ബില്ല്, ബുക്ക് എന്നിവയില്‍ നിന്നായി 48,861 രൂപ കൈക്കലാക്കുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി ഹരികേശവിനെതിരെ കേസെടുത്തു.
അന്നത്തെ കാസര്‍ഗോഡ് വിജിലന്‍സ് ഡിവൈഎസ്പിമാരായിരുന്ന മാത്യു പോളികാര്‍പ്പ്, കെ.വി. കുഞ്ഞികൃഷ്ണമാരാര്‍, കെ.സി. ബാലകൃഷ്ണന് എന്നിവരാണ് ഘട്ടംഘട്ടമായി അന്വേഷണം നടത്തി തലശേരി വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. ഉഷാകുമാരി ഹാജരായി.