പണയ സ്വർണം മാറ്റിവയ്ക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
1458493
Wednesday, October 2, 2024 8:36 AM IST
പയ്യന്നൂർ: സ്വർണം മാറ്റി വയ്ക്കാനെന്ന വ്യാജേന ഫിനാൻസ് കമ്പനിയുടെ പണം തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്നെത്തിയ പയ്യന്നൂർ പോലീസ് മലപ്പുറത്തു നിന്ന് പിടികൂടി. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് കരുവാരക്കുണ്ടിലെ വാടക ക്വാർട്ടേഴ്സിൽ നിന്ന് പയ്യന്നൂർ പോലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡിന് സമീപമാണ് തട്ടിപ്പ് അരങ്ങേറിയത്. അഹല്യ ഫിനാൻസിൽ പണയംവച്ച 20 ഗ്രാം സ്വർണത്തിന് പലിശ കൂടുതലാണെന്നും പണയ ഉരുപ്പടി മണപ്പുറം ഫിനാൻസിലേക്ക് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായാണ് പ്രതി മണപ്പുറം ഫിനാൻസ് പയ്യന്നൂർ ബ്രാഞ്ച് മാനേജരെ സമീപിച്ചത്.
ഇതേ തുടർന്ന് മണപ്പുറം ബ്രാഞ്ച് മാനേജർ നിഷിത മറ്റൊരു ജീവനക്കാരിയേയും കൂട്ടി എത്തിയപ്പോൾ സ്വർണം ഏറ്റുവാങ്ങുന്നതിനായി ജീവനക്കാരിയുടെ കൈയിലുണ്ടായിരുന്ന 45,000 രൂപ വാങ്ങിയ ഉടനെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതേ തുടർന്ന് മണപ്പുറം ബ്രാഞ്ച് മാനേജർ നിഷിത പയ്യന്നൂർ പോലീസിന് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് ത്വരിതഗതിയിൽ അന്വേഷണമാരംഭിച്ചു.
സംഭവ സ്ഥലത്തുനിന്ന് പണം വാങ്ങി ഓടി രക്ഷപ്പെടുന്ന പ്രതിയുടെ ദൃശ്യവും പരാതിക്കാരിയിൽ നിന്ന് ലഭിച്ച പ്രതിയുടെ ഫോൺ നമ്പറുമായി സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിക്ക് പിന്നാലെയെത്തിയത്. ഈ അന്വേഷണം ഇന്നലെ പുലർച്ചെ നാലായപ്പോൾ എത്തിയത് മലപ്പുറം കരുവാരക്കുണ്ടിലെ പ്രതി ഭാര്യയുമൊത്ത് താമസിക്കുന്ന ക്വാർട്ടേഴ്സിന് മുന്നിലാണ്. വാതിലിൽ മുട്ടുന്നത് കേട്ട് ഭാര്യക്കൊപ്പം ഉറങ്ങുകയായിരുന്ന പ്രതി ഉറക്കച്ചടവോടെ വാതിൽ തുറന്നയുടനെ രക്ഷപ്പെടാൻ കഴിയുന്നതിന് മുമ്പ് പോലീസ് പിടി കൂടുകയായിരുന്നു.
പയ്യന്നൂരിലെത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി സമാനമായ എട്ടോളം കേസുകളിലെ പ്രതിയെയാണ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. പയ്യന്നൂർ എസ്ഐ സി. സനീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൽ സീനിയർ സിപിഒമാരായ മുകേഷ് കല്ലേൻ, അബ്ദുൾ ജബ്ബാർ, കെ.കെ. ഈശ്വരൻ എന്നിവരാണുണ്ടായിരുന്നത്.