ആറളം ഫാം മരംമുറി: പോലീസിൽ പരാതി നൽകിയതായി എംഡി
1458474
Wednesday, October 2, 2024 8:36 AM IST
കണ്ണൂർ: ആറളം ഫാം മരംമുറിയുമായി ബന്ധപ്പെട്ട് ജില്ലാ നിയമ ഓഫീസറുടെ നിര്‍ദേശപ്രകാരം പോലീസില്‍ പരാതി നല്‍കിയതായി ഫാം മാനേജിംഗ് ഡയറക്ടര്‍ കൂടിയായ സബ്കളക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മരംമുറി നടന്ന സ്ഥലം സബ് കളക്ടർ സന്ദർശിച്ചു.
പത്രമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് വിഷയം ചര്‍ച്ചചെയ്യാനും നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി സബ്കളക്ടര്‍ അറിയിച്ചു.
റീപ്ലാന്റേഷന് പദ്ധതിക്കായി സ്ഥലം ഒരുക്കുന്നതിന് ബ്ലോക്ക്-5ലെ പാഴ്മരങ്ങള്‍ നീക്കം ചെയ്യുന്നതിനായി മാനേജിംഗ് ഡയറക്ടറുടെ നിദേശപ്രകാരം ടെൻഡര്‍ വിളിച്ചിരുന്നു.അതനുസരിച്ച് ടെൻഡർ എടുത്തയാൾക്ക് മുറിച്ചിട്ട മരങ്ങള്‍ കൊണ്ടുപോകുന്നതിന് പ്രതികൂല കാലാവസ്ഥമൂലം കൂടുതൽ സമയം അനുവദിച്ചുനൽകി. ഈ കാലയളവില്‍ കരാറുകാരന് അനധികൃതമായി കരാറില്‍ ഉള്‍പ്പെടാത്ത 17 മരങ്ങള്‍ മുറിച്ചതായി അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തിൽ രേഖാമൂലം കരാറുകാരനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.