തോട്ടുകടവ് പാലം നിർമാണം; സാധനസാമഗ്രികൾ മാറ്റാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
1454818
Saturday, September 21, 2024 2:04 AM IST
ഇരിട്ടി: എടൂർ-ആറളം, ഇരിട്ടി-പായം-ആറളം റോഡുകളെ ബന്ധിപ്പിക്കുന്ന തോട്ടുകടവ് പാലത്തിന്റെ നിർമാണ പ്രവർത്തിക്കായി കൊണ്ടുവന്ന സാധനസാമഗ്രികൾ മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.
ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും1.20 കോടി രൂപയാണ് പുതിയപാലത്തിനായി അനുവദിച്ചത്.
ആറുമാസം മുന്പ് നിലവിൽ ഉണ്ടായിരുന്ന പാലം പൊളിച്ച് പുതിയ പാലത്തിന്റെ പ്രവൃത്തികൾ ആരംഭിച്ചെങ്കിലും മഴ കനത്തതോടെ നിർമാണം നിലച്ചു. പഴയപാലം പൊളിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും പൂർണമായും തടസപ്പെട്ടു.
താത്കാലികമായി മരം കൊണ്ടുണ്ടാക്കിയ നടപ്പാലം നിർമിച്ചാണ് ജനങ്ങൾ യാത്ര ചെയ്തിരുന്നത്. മഴ കഴിഞ്ഞാലുടൻ പാലത്തിന്റെ നിർമാണം ആരംഭിക്കും എന്നായിരുന്നു കരാറുകാർ നൽകിയ ഉറപ്പ്.
ഇന്നലെ പാലം നിർമാണത്തിനായി ഇറക്കിയിരുന്നു സാധനസാമഗ്രികൾ പലതും തിരികെ കൊണ്ടു പോകാനായി ലോറിയിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് നാട്ടുകാരെത്തി തടഞ്ഞത്.
പാലത്തിന്റെ നിർമാണ പ്രവൃത്തി പൂർത്തീകരിച്ചാൽ മാത്രമേ നിർമാണ സാധന സാധനസാമിഗ്രികൾ തിരികെ കൊണ്ടുപോകാൻ അനുവദിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ തീരുമാനം.