വിവാഹപൂർവ കൗൺസലിംഗ് നിർബന്ധമാക്കണം: വനിതാ കമ്മീഷൻ
1454815
Saturday, September 21, 2024 2:04 AM IST
കണ്ണൂർ: വിവാഹ പൂർവ കൗൺസലിംഗ് നിർബന്ധമാക്കണമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭാഗമായി സ്ഥിരമായി ഇതിനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ ഉചിതമായിരിക്കുമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. വിവാഹ പൂർവ കൗൺസലിംഗ് നിർബന്ധമാക്കണമെന്ന് നേരത്തെ തന്നെ കമ്മീഷൻ സർക്കാരിനോട് ശിപാർശ ചെയ്തിട്ടുണ്ടെന്നും പി. സതീദേവി പറഞ്ഞു.
കണ്ണൂർ കളക്ടറേറ്റിൽ നടന്ന അദാലത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. അദാലത്തിൽ പരിഗണിച്ച പരാതികളിൽ നല്ലൊരു ശതമാനവും ഗാർഹിക ചുറ്റുപാടുകളുമായി ബന്ധപ്പെട്ടതാണെന്നും കമ്മീഷൻ പറഞ്ഞു.
സിറ്റിംഗിൽ ആകെ പരിഗണിച്ച 65 പരാതികളിൽ 14 എണ്ണം തീർപ്പാക്കി. അഞ്ചു പരാതികൾ പോലീസിന്റെ റിപ്പോർട്ടിനായി അയച്ചു. ഒരു പരാതി ജാഗ്രതാസമിതിയുടെ റിപ്പോർട്ടിനായി അയച്ചു. ജില്ലാ നിയമ സഹായ അഥോറിറ്റിയുടെ സഹായം ലഭിക്കുന്നതിനുവേണ്ടി രണ്ടു പരാതികൾ നൽകി. 43 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും.
വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ, അഭിഭാഷകരായ ചിത്തിര ശശിധരൻ, കെ.പി. ഷിമി, കൗൺസിലർ മാനസ ബാബു എന്നിവരും പങ്കെടുത്തു.