അങ്കണവാടിയിൽ ഇലക്ട്രിക് സ്റ്റൗ പൊട്ടിത്തെറിച്ചു; അധ്യാപികയും കുട്ടികളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
1454812
Saturday, September 21, 2024 2:04 AM IST
ഇരിട്ടി: പായം പഞ്ചയത്തിലെ കുന്നോത്ത്പറമ്പ് അങ്കണവാടിയിൽ നെറ്റ്സീറോ കാർബൺ പദ്ധതി പ്രകാരം വിതരണം ചെയ്ത ഇലക്ട്രിക് സ്റ്റൗ പൊട്ടിത്തെറിച്ചു. അങ്കണവാടി അധ്യാപികയും കുട്ടികളും അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ഇലക്ട്രിക് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്റ്റൗവിന് മുകളിൽ ഇരുന്ന മൂന്ന് ലിറ്ററിന്റെ കുക്കറും തകർന്നതോടെ ഭക്ഷണ സാധനങ്ങൾ അങ്കണവാടിക്കുള്ളിൽ ചിന്നിച്ചിതറി. 13 വിദ്യാർഥികളും അധ്യാപികയും ആയയുമാണ് ഇവിടെയുള്ളത്.
കുട്ടികൾ ക്ലാസിൽ നിന്ന് വെളിയിലേക്ക് ഇറങ്ങുന്നതുകൊണ്ട് അധ്യാപികയും അവരുടെ അടുത്തേ യ്ക്ക് നീങ്ങിയ സമയത്തായിരുന്നു അപകടം. അതിനാലാണ് വലിയ അപകടം ഒഴിവായത്.
സംഭവത്തെ തുടർന്ന് പായം പഞ്ചായത്തിൽ അങ്കണവാടികൾക്ക് വിതരണം ചെയ്ത മുഴുവൻ ഇലക്ട്രിക് ഉപകരണങ്ങളും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമെ ഉപയോഗിക്കാൻ പാടുള്ളുവെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.