പെൺകുട്ടിയെ പീഡിപ്പിച്ച് നാടുവിട്ട രാജസ്ഥാൻ സ്വദേശി മട്ടന്നൂരിൽ പിടിയിൽ
1454811
Saturday, September 21, 2024 2:04 AM IST
മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നാടുവിട്ട യുവാവിനെ മാസങ്ങൾക്കുശേഷം മട്ടന്നൂർ പോലീസിന്റെ സഹായത്തോടെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ മദപ്പൂരിലെ മഹേഷ്ചന്ദ്ര ശർമയെ (33) ആണ് മട്ടന്നൂർ ഉളിയിൽനിന്ന് പിടികൂടിയത്. ഈ വർഷം തുടക്കത്തിൽ ജയ്പൂർ സൗത്തിലെ സങ്കനീർ സദർ പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണു യുവാവ് പിടിയിലായത്.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് രാജസ്ഥാൻ പോലീസ് മട്ടന്നൂരിൽ എത്തുകയായിരുന്നു. മട്ടന്നൂർ പോലീസിന്റെ സഹായത്തോടെ ഉളിയിൽ പടിക്കച്ചാൽ റോഡിലെ വീട്ടിൽ മാർബിൾ ജോലി ചെയ്യുന്നതിനിടെയാണു യുവാവിനെ കസ്റ്റഡിയിലെടുത്തത്. മട്ടന്നൂർ പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് രാജസ്ഥാനിലേക്ക് കൊണ്ടുപോയി. മട്ടന്നൂർ എസ്ഐ ആർ.എൻ. പ്രശാന്ത്, രാജസ്ഥാൻ പോലീസുകാരായ സഞ്ജയ്കുമാർ, ജീത്ത് സിംഗ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.