മേലെചൊവ്വ മേൽപ്പാലം: പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ രണ്ടിന്
1454542
Friday, September 20, 2024 1:55 AM IST
കണ്ണൂർ: കണ്ണൂര്-തലശേരി ദേശീയ പാതയിലെ മേലെചൊവ്വ ജംഗ്ഷനിലെ ഗതാഗത കുരുക്ക് അഴിക്കാനായി നിർമിക്കുന്ന മേലെചൊവ്വ മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ രണ്ടിന് രാവിലെ 11.30ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മേൽപ്പാലം നിർമാണ പ്രവൃത്തിക്കുള്ള ടെൻഡർ നേടിയത്.
അപ്രോച്ച് ഭാഗങ്ങൾ ഉൾപ്പെടെ 424.60 മീറ്റർ നീളവും സർവീസ് റോഡുൾപ്പെടെ മൊത്തം 24 മീറ്റർ വീതിയുമുള്ള മേൽപ്പാലമാണ് ഇവിടെ ഉയരുക. നേരത്തെ ഭൂമി ഏറ്റെടുത്തതിനു പുറമേ മേൽപ്പാലത്തിന് അധിക ഭൂമി ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. ഇവിടെ ആദ്യം തീരുമാനിച്ച അണ്ടർ പാസിന് പകരമായാണ് മേൽപ്പാലം വരുന്നത്.
2016 ജൂൺ 27ന് മേലെചൊവ്വ ജംഗ്ഷനിൽ അണ്ടർപാസ് നിർമിക്കുന്നതിനായാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപറേഷൻ കേരള (ആർബിഡിസികെ)യെ സ്പെഷൽ പർപ്പസ് വെഹിക്കിളായി കേരള സർക്കാർ നിയമിച്ചത്. 2018 ജനുവരി 20ന് കിഫ്ബി 27.59 കോടി രൂപ അനുവദിച്ച് രണ്ടു വരി അടിപ്പാതയ്ക്ക് ഫണ്ട് അനുവദിച്ചു. സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയും 2021 ഡിസംബർ 20ന് കൈവശപ്പെടുത്തുകയും ചെയ്തു. എന്നാൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മാറ്റുന്നതിലെ പ്രശ്നങ്ങൾ കാരണം, അടിപ്പാതയ്ക്ക് പകരം ഒരു മേൽപ്പാലം നിർമിക്കാൻ തീരുമാനി ക്കുകയും 2023 ഫെബ്രുവരി 16ന് പുതിയ ഭരണാനുമതി നൽകുകയും ചെയ്തു.
2023 ഒക്ടോബർ 11ന് കിഫ്ബി പുതിയ മേൽപ്പാലത്തിന് 44.71 കോടി രൂപയ്ക്ക് സാമ്പത്തിക അനുമതി നൽകി. 2024 ജനുവരി 29 ന് 31.98 കോടി രൂപക്ക് സാങ്കേതിക അനുമതി നൽകാൻ ടെക്നിക്കൽ കമ്മിറ്റി ശിപാർശ ചെയ്തു.
2024 ഫെബ്രുവരി 23ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപറേഷൻ കേരള (ആർബിഡിസികെ) ടെൻഡറുകൾ ക്ഷണിച്ചു, എന്നാൽ ഒരു ബിഡർ മാത്രമാണ് പങ്കെടുത്തത്. 2024 ജൂൺ 12-ന് വീണ്ടും ടെൻഡർ ചെയുകയും അതിൽ മൂന്ന് കമ്പനികൾ പങ്കെടുക്കുകയും ചെയ്തു. 2024 സെപ്റ്റംബർ 12-ന് ഫിനാൻഷ്യൽ ബിഡ് തുറക്കപ്പെട്ടു.