കബഡി താരത്തിന്റെ മരണം: ഭർത്താവിന് ഒമ്പതുവർഷവും അമ്മയ്ക്ക് ഏഴുവർഷവും തടവ്
1454238
Thursday, September 19, 2024 1:42 AM IST
കാസർഗോഡ്: ദേശീയ കബഡി താരവും കായികാധ്യാപികയുമായിരുന്ന ബേഡകം ചേരിപ്പാടിയിലെ പ്രീതി (30) യുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനും ഭർതൃമാതാവിനും ഒമ്പതു വർഷവും ഏഴുവർഷവും വീതം കഠിനതടവും രണ്ടുലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.
പ്രീതിയുടെ ഭർത്താവും കേസിലെ ഒന്നാംപ്രതിയുമായ വെസ്റ്റ് എളേരി മാങ്ങോട്ടെ പുറവങ്കര രാകേഷ് കൃഷ്ണ (38)യ്ക്ക് 306-ാം വകുപ്പ് പ്രകാരം ഏഴു വർഷം കഠിനതടവും 498 എ വകുപ്പ് പ്രകാരം രണ്ടുവർഷം കഠിനതടവുമാണ് ശിക്ഷ. രണ്ടു വകുപ്പുകളിലും ഓരോ ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. മൂന്നാംപ്രതിയായ രാകേഷിന്റെ അമ്മ ശ്രീലതയ്ക്ക് 306-ാം വകുപ്പ് പ്രകാരം അഞ്ചു വർഷം കഠിനതടവും 498 എ വകുപ്പ് പ്രകാരം രണ്ടുവർഷം കഠിനതടവും രണ്ടു വകുപ്പുകളിലുമായി ഓരോ ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. കേസിലെ രണ്ടാം പ്രതിയായിരുന്ന രാകേഷിന്റെ അച്ഛൻ ടി.കെ.രമേശൻ വിചാരണയ്ക്കിടെ മരിച്ചിരുന്നു.
ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് എ.മനോജാണ് വിധി പ്രഖ്യാപിച്ചത്. പ്രൊസിക്യൂഷനു വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ഇ.ലോഹിതാക്ഷനും അഡ്വ.ആതിര ബാലനും ഹാജരായി.
2017 ഓഗസ്റ്റ് 18 നാണ് പ്രീതിയെ ചേരിപ്പാടിയിലെ സ്വന്തം വീട്ടിൽ ചവിട്ടുപടിയുടെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായുണ്ടായ പ്രശ്നങ്ങൾ മൂലം സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. ഇവർക്ക് ഒരു മകളുണ്ട്. 2008 മുതൽ നിരവധി ദേശീയ കബഡി മത്സരങ്ങളിൽ പങ്കെടുത്തിരുന്ന പ്രീതി വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കായികാധ്യാപികയായിരുന്നു.