കരിന്തളം-വയനാട് 400 കെവി ലൈൻ നഷ്ടപരിഹാരം; ഒക്ടോബർ 15നുള്ളിൽ പുതിയ പാക്കേജ്
1454237
Thursday, September 19, 2024 1:42 AM IST
ഇരിട്ടി: കരിന്തളം-വയനാട് 400 കെ വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് മന്ത്രി കെ. കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ കർഷകരുടെയും ഭൂവുടുമകളുടെയും ആവശ്യങ്ങളോട് മുൻകാലത്തേതിൽനിന്നും വ്യത്യസ്തമായി മൃദുസമീപനവുമായി കെഎസ്ഇബി.
പ്രാദേശിക ഭരണകൂടങ്ങളുടെയും കെഎസ്ഇബി, കർമസമിതി അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ കർഷകർക്ക് സംഭവിക്കുന്ന നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി മന്ത്രിക്ക് സമർപ്പിക്കാനും ഒക്ടോബർ 15 നുള്ളിൽ പുതിയ പാക്കേജ് പ്രഖ്യാപിക്കാമെന്നും കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ ഉറപ്പുനൽകി. പാക്കേജിന് ശേഷം വീണ്ടും ജനപ്രതിനിധികളും കർമസമിതി അംഗങ്ങളും ഉൾപ്പടെ വീണ്ടുമൊരു ചർച്ചകൂടി വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അനുകൂലമായ പാക്കേജ് ലഭിച്ചാൽ മാത്രമേ നിർമാണം അനുവദിക്കുകയുള്ളൂവെന്ന് അംഗങ്ങൾ ആവർത്തിച്ചു വ്യക്തമാക്കി. കർഷകർ ഉന്നയിച്ച നഷ്ടപരിഹാരം, അലൈൻമെന്റ് മാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അനുഭാവപൂർവം പൂർവം പരിഗണിക്കാമെന്ന ചെയർമാൻ ഉറപ്പുനൽകിയെങ്കിലും മന്ത്രി ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്തിയില്ല.
2016 ൽ ആരംഭിച്ച പദ്ധതി നഷ്ടപരിഹാര പാക്കേജിലെ തർക്കം കാരണം കഴിഞ്ഞ ഒരുവർഷമായി നിർത്തിവച്ചിരിക്കുകയാണ്. 530 കോടി രൂപ ചെലവ് കണക്കായിരുന്ന പദ്ധതിയിൽ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 911 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
വയനാട് മുതൽ കരിന്തളം വരെ 125 കിലോമീറ്റർ ദൂരം വരുന്ന ഇടനാഴിയിൽ 1500 ഏക്കറിലധികം കൃഷിഭൂമിയാണ് നഷ്ടപ്പെടുന്നത്. ഇതിൽ കണ്ണൂർ ജില്ലയിലൂടെ ഏകദേശം 87 കിലോമീറ്റർ ദൂരത്തിലൂടെയാണ് ലൈൻ കടന്നുപോകുന്നത്.
ക്ഷമ ചോദിച്ച് ചെയർമാൻ
കെഎസ്ഇബിയുടെ പുതിയ കർണാടക മോഡൽ പാക്കേജിനെ തള്ളിക്കൊണ്ട് കർമസമിതി ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് സെന്റിന് ഒരുലക്ഷം രൂപയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് സെന്റിന് 50000 രൂപയും എന്ന ആവശ്യത്തിൽ ജനപ്രതിനിധികളും യോഗത്തിൽ സംസാരിച്ചവരും ഉറച്ചുനിന്നു. കെഎസ്ഇബി അധികൃതർ സർവേ നടത്തുന്നതിനാണ് കർഷകരുടെ സ്ഥലത്ത് പ്രവേശിച്ചത് എന്ന ചെയർമാന്റെ പരാമർശം തെറ്റാണെന്നും നിർമാണം നടത്തിയ സ്ഥലത്തുനിന്നും ജനപ്രതിനിധികളടക്കമെത്തി ഇറക്കിവിടുകയുമാണുണ്ടായതെന്നും യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ ഇനിയുണ്ടാകില്ലെന്നും തെറ്റായ പരാമർശങ്ങൾക്ക് ക്ഷമ ചോദിക്കുന്നതായും ചെയർമാൻ ബിജു പ്രഭാകർ യോഗത്തെ അറിയിച്ചു.
ഭൂമിയുടെ വില നഷ്ടപ്പെടുന്നു
മറ്റ് വികസന പദ്ധതികൾ പോലെയല്ല ലൈൻ വരുന്നതോടെ കർഷകരുടെ ഭൂമിയുടെ വില ഇടിയുമെന്നും വില്പന നടക്കാത്ത അവസ്ഥയുണ്ടാകുമെന്നും കർമ സമിതി യോഗത്തിൽ വ്യക്തമാക്കി. കേരളത്തിന് മുഴുവൻ ഗുണം ലഭിക്കുന്ന പദ്ധതിക്ക് കർഷകർ മാത്രം ബലിയാടാകുകയാണെന്നും പലരുടെയും ഭൂമി രണ്ടായി വിഭജിക്കപ്പെടുകയാണെന്നും കർമസമിതി അംഗങ്ങൾ യോഗത്തിൽ വിശദമാക്കി. ഇക്കാര്യങ്ങൾ പരിഗണിച്ച് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും പദ്ധതിക്ക് തങ്ങൾ എതിരല്ലെന്നും ഇവർ പറഞ്ഞു.
യോഗത്തിൽ എംഎൽഎ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ടി. ഐ. മധുസൂദനൻ, എം. രാജഗോപാൽ, സി.എച്ച്. കുഞ്ഞമ്പു, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രതിനിധി റവ.ഡോ. ഫിലിപ്പ് കവിയിൽ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, കർമസമതി ഭാരവാഹികൾ, കെഎസ്ഇബി ഡയറക്ടർമാരായ സജി പൗലോസ്, ആർ. ബിജു, ചീഫ് എൻജിനിയർമാരായ കെ. ശാന്തി എസ്. ശിവദാസ് എന്നിവർ പങ്കെടുത്തു .