ബോധവത്കരണ ക്ലാസുകളിൽ റിക്കാർഡിട്ട് എഎസ്ഐ ടി. രാജീവൻ
1454225
Thursday, September 19, 2024 1:42 AM IST
മട്ടന്നൂർ: കൂടുതൽ ബോധവത്കരണ ക്ലാസുകൾ നടത്തി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി മട്ടന്നൂർ എയർപോർട്ട് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ടി. രാജീവൻ. വിദ്യാർഥികൾക്കായി 1107 ബോധവത്കരണ ക്ലാസുകളാണ് 2017 മുതലുള്ള കാലയളവിൽ രാജീവൻ നടത്തിയത്. സൈബർ കുറ്റകൃത്യങ്ങൾ, ലഹരി, പഠനപ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്.കോവിഡ് കാലത്താണ് അദേഹത്തിന്റെ നേതൃത്വത്തിൽ കൂടുതൽ ക്ലാസുകളും നടത്തിയത്. ജോലിക്കിടയിലെ ഇടവേളകളിലാണ് ക്ലാസുകൾക്കായി സമയം കണ്ടെത്തുന്നത്. വേങ്ങാട് സ്വദേശിയായ രാജീവൻ മികച്ച മജീഷ്യൻ കൂടിയാണ്.
കണ്ണൂർ വിമാനത്താവളത്തിലെ പോലീസ് സ്റ്റേഷനിൽ നടന്ന പരിപാടിയിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സ് സർട്ടിഫിക്കറ്റ് കൈമാറി.
കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഷൈമ അധ്യക്ഷത വഹിച്ചു. കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അനിൽകുമാർ, കിയാൽ എംഡി സി. ദിനേശ്കുമാർ, സിഐഎസ്എഫ് കമാൻഡന്റ് അനിൽ ദൗണ്ടിയാൽ, കൂത്തുപറമ്പ് എസിപിഎം കൃഷ്ണൻ, എയർപോർട്ട് എസ്എച്ച്ഒ ടി.വി.പ്രതീഷ്, കിയാൽ ചീഫ് സെക്യൂരിറ്റി ഓഫീസർ വേലായുധൻ മണിയറ, സീനിയർ മാനേജർ ടി.അജയകുമാർ, നൗഷാദ് മൂപ്പൻ, കെ.രാജേഷ്, കെ.രജനി തുടങ്ങിയവർ പ്രസംഗിച്ചു.