മലയോരത്തെ കവലകളിൽ സുരക്ഷാ സംവിധാനങ്ങളില്ല
1453960
Wednesday, September 18, 2024 1:27 AM IST
പെരുമ്പടവ്: മതിയായ നിയന്ത്രണങ്ങളും സൂചന സംവിധാനങ്ങളുമില്ലാതെ അപകട വഴികളാകുകയാണ് മലയോരത്തെ കവലകൾ. ചപ്പാരപ്പടവ് പഞ്ചായത്തിലെ പൂവ്വം, തെറ്റുന്ന റോഡ്, ഒടുവള്ളിത്തട്ട്, ചപ്പാരപ്പടവ്, എടക്കോം, പെരുമ്പടവ് എന്നീ ടൗണുകളിലെ കവലകളാണ് പരിമിതികൾകൊണ്ട് വീർപ്പു മുട്ടുന്നത്. റോഡുകൾ മെക്കാഡം ടാറിംഗ് ആയെങ്കിലും അനുബന്ധ സംവിധാനങ്ങൾ വികസിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പതിവായി ഗതാഗത കുരുക്കുകൾ ഉണ്ടാകുന്ന പൂവ്വം, ഒടുവള്ളിത്തട്ട്, തെറ്റുന്ന റോഡ്, ചപ്പാരപ്പടവ് ടൗൺ എന്നിവിടങ്ങളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണം എന്നത് നാട്ടുകാരുടെ നാളുകളായുള്ള ആവശ്യമാണ്.
എന്നാൽ, യാതൊരു നടപടിയും അധികൃതർ ഇതുവരെ എടുത്തിട്ടില്ല. തളിപ്പറമ്പ്-ആലക്കോട് പ്രധാന പാതയിൽ നിന്നും ചപ്പാരപ്പടവിലേക്ക് വഴി തിരിഞ്ഞു പോകുന്ന ഒടുവള്ളിത്തട്ട്, തെറ്റുന്ന റോഡ് ജംഗ്ഷനുകളിൽ ഇത്തരത്തിൽ ട്രാഫിക്ക് സിംഗൽ ലൈറ്റുകൾ ഇല്ലാത്തത് വാഹനയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൂടാതെ ടൗണുകളിൽ കൃത്യമായ പാർക്കിംഗ് സംവിധാനങ്ങൾ ഒരുക്കാത്തത് കൊണ്ട് സാധനങ്ങൾ വാങ്ങാനെത്തുന്നവർ തോന്നുന്നിടത്ത് വാഹനം വച്ച് പോകുന്നത് ഇവിടങ്ങളിൽ പതിവ് കാഴ്ചയാണ്.
പൂവ്വം ടൗണിൽ നിന്നും പന്നിയൂർ ഭാഗത്തേക്ക് തിരിയുന്ന കവലയിൽ അനധികൃത പാർക്കിംഗ് മൂലം വലിയ ഗതാഗതകുരുക്കാണുണ്ടാകുന്നത്. മലയോര മേഖലയിലെ പ്രധാന പാതകളിലെ മിക്ക സൂചന ബോർഡുകളും മറിഞ്ഞു വീഴാറായ അവസ്ഥയിലാണ്. മഴക്കാലം ശക്തി പ്രാപിച്ചതിനു ശേഷം ഇവയിൽ പലതിലും കാടു മൂടിയും പായൽ പിടിച്ചും കിടക്കുകയാണ്. ദൂരദേശങ്ങളിൽ നിന്നും എത്തുന്നവർക്ക് ഇത്തരത്തിൽ സൂചന ബോർഡുകൾ കാണാതെ ദിശമാറി പോകുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
വാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കാനായി നാടുകാണിയിൽ സ്ഥാപിച്ച സ്പീഡ് കാമറ പ്രവർത്തന രഹിതമായിട്ട് വർഷങ്ങളായി. തെറ്റുന്ന റോഡ്, എടക്കോം, പൂവ്വം, ചപ്പാരപ്പടവ് തുടങ്ങിയ കവലകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് യാത്രക്കാരും വ്യാപാരികളും നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും അധികൃതർ എടുത്തില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.