ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിൽ നഷ്ടപ്പെടുന്നത് ലക്ഷങ്ങളെന്ന് പോലീസ്
1453959
Wednesday, September 18, 2024 1:27 AM IST
കണ്ണൂർ: വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ ഷെയർ ട്രേഡിംഗ് നടത്തി പണം സമ്പാദിക്കാമെന്നും മറ്റുമുള്ള വ്യാജ പ്രലോഭനത്തിൽ കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നിന്ന് രണ്ടുമാസത്തിനുള്ളിൽ പത്തു കേസുകളിലായി എട്ടു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായും പോലീസ്. ഈ കേസുകളിൽ സൈബർ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാം, ടെലഗ്രാം, ഫേസ്ബുക്ക് , വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നആളുകൾ സൈബർ കുറ്റകൃത്യങ്ങളെപ്പറ്റി നിരന്തരം ജാഗ്രത പുലർത്തേണ്ടതാണെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു.
പോലീസ് നല്കുന്ന
ജാഗ്രതാനിർദേശം
നവ മാധ്യമങ്ങളില്‍ കാണുന്ന പരസ്യങ്ങൾക്കു പിന്നാലെ പോയി പണം നഷ്പ്പെടുത്താതിരിക്കുക.
വിദേശത്തു നിന്നും പണം അയക്കുന്നവര്‍ ഏജന്റ് മുഖേന പണം അയക്കാതെ ബാങ്കുകള്‍ വഴിയും മണി ട്രാൻസഫർ വഴിയും പണം അയക്കുക.
ആരും തന്നെ വ്യാജവാഗ്ദാനങ്ങളിൽ വിശ്വസിച്ചു ട്രേഡിംഗ് ചെയ്യുന്നതിനും പാർട്ടൈം ജോലി ചെയ്യുന്നതിനും പണം നല്‍കാതിരിക്കുക.
ഓൺലൈൻ ലോണ്‍ നല്‍കാമെന്ന് പറഞ്ഞു വിളിക്കുന്നവർക്ക് യാതൊരു കാരണവശാലും അങ്ങോട്ട് പണം അയച്ചുകൊടുക്കുകയോ അവര്‍ നല്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ആപ്ലിക്കേഷന്‍ ഇൻസ്റ്റാള്‍ ചെയ്യുകയോ ചെയ്യരുത്. ഇതു നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ അവർക്ക് ചോർത്തി നല്‍കിയേക്കാം.
അജ്ഞാത നമ്പറിൽനിന്ന് വിളിച്ച് പോലീസില്‍ നിന്നാണെന്നും കൊറിയറില്‍ നിന്നാണെന്നും നിങ്ങൾക്കെതിരേ കേസുണ്ടെന്നും മറ്റും പറഞ്ഞു വിളിക്കുന്ന കോളുകളോട് പ്രതികരിക്കാതിരിക്കുക.
യാതൊരു കാരണവശാലും നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളോ ആധാര്‍ ഉൾപ്പെടെയുള്ള മറ്റ് ഐഡി വിവരങ്ങളോ ആർക്കും ഷെയര്‍ ചെയ്യാതിരിക്കുക.
കസ്റ്റമർ കെയർ നമ്പർ ഗൂഗിൾ സേർച്ച് ചെയ്ത് വിളിക്കുമ്പോള്‍ ശ്രദ്ധ പുലർത്തുക.
പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും വരുന്ന വീഡിയോ കോളുകള്‍ യാതൊരു കാരണവശാലും എടുക്കാതിരിക്കുക.
പയ്യന്നൂരിൽ ഓൺലൈൻ തട്ടിപ്പിൽ
വീട്ടമ്മയുടെ പന്ത്രണ്ടരലക്ഷം ‘സ്വാഹ’
പയ്യന്നൂർ: വെള്ളൂരിൽ കാറമേലിലെ മുപ്പത്തൊന്നുകാരിയായ വീട്ടമ്മക്ക് ഓൺലൈൻ തട്ടിപ്പിൽ അഞ്ചു ദിവസംകൊണ്ട് നഷ്ടമായത് 12,55,252 രൂപയാണ്. ഒടുവിൽ ചതി തിരിച്ചറിഞ്ഞപ്പോൾ നഷ്ടമായ തന്റെ സമ്പാദ്യം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
പാർട് ടൈം ജോലിയിലൂടെ ദിവസേന 1000 മുതൽ 5000 രൂപ വരെ സമ്പാദിക്കാമെന്ന അനു ഷമ്മ എന്ന ഇൻസ്റ്റഗ്രാമിൽ വന്ന പരസ്യത്തിലാണ് വീട്ടമ്മ വീണത്. പരസ്യത്തിലുണ്ടായിരുന്ന +916207144669 എന്ന വാട്സാപ് നമ്പർ വഴി https:t.me/monika Ali:8212ട -ൽ ജോയിൻ ചെയ്തപ്പോൾ ജോലിക്കുള്ള യോഗ്യത തെളിയിക്കുന്നതിനുള്ള ടാസ്കാണ് ലഭിച്ചത്.
ആദ്യം ആയിരം രൂപയുടെ ടാസ്ക് ചെയ്തപ്പോൾ ലാഭമുൾപ്പെടെ ലഭിച്ച വിവരത്തിന്റെ സന്ദേശം ലഭിച്ചു. തുടർന്ന്, ടാസ്കുകൾ ഓരോന്നായി വന്നു കൊണ്ടിരുന്നു. അതിനനുസരിച്ച് ലാഭവിഹിതം കണക്കിൽ മാത്രം കൂടിക്കൊണ്ടിരുന്നു. ഈ മാസം ആറുമുതൽ 10 വരെയുള്ള അഞ്ചു ദിവസങ്ങളിലായി ഇത്തരത്തിൽ 12,55,252 രൂപയാണ് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് ഒഴുകിപ്പോയത്. പണം അങ്ങോട്ട് ഒഴുകിയതല്ലാതെ പറഞ്ഞ ലാഭമോ നൽകിയ പണമോ ഒന്നും തിരിച്ച് അക്കൗണ്ടിലേക്ക് വന്നതുമില്ല.
അപ്പോൾ മാത്രമാണ് വീട്ടമ്മക്ക് താൻ ചെന്നു ചാടിയ കുഴിയുടെ ആഴം ബോധ്യപ്പെട്ടത്. പിന്നീട് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വ്യക്തമായ ഊരും പേരുമില്ലാത്ത ഇത്തരം ഓൺലൈൻ തട്ടിപ്പുസംഘങ്ങളെ കണ്ടെത്തുകയെന്നത് വളരെയേറെ ദുഷ്കരമാണെന്ന് പോലീസ് പറയുന്നു.