കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; അന്വേഷണവും നിലച്ചു
1453958
Wednesday, September 18, 2024 1:27 AM IST
കാസര്‍ഗോഡ്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രകള്ച്ചറിസ്റ്റ് സഹകരണസംഘം തട്ടിപ്പുകേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തതോടെ അന്വേഷണം മരവിച്ചു. അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിനു കഴിയാതെ വന്നതോടെ മുഖ്യപ്രതിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാംപ്രതി, സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവും സംഘം സെക്രട്ടറിയുമായ കെ. രതീശനാണ് ജാമ്യം ലഭിച്ചത്. മറ്റ് അഞ്ചു പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
കേസിലെ മുഴുവന്‍ പ്രതികളും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിട്ടും ഇവര്‍ തട്ടിയെടുത്ത കോടികള്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല. രതീശന് ലോക്കര്‍ തുറന്ന് തട്ടിയെടുത്ത 332 പവന് സ്വര്‍ണം കൂട്ടാളികളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ കാഞ്ഞങ്ങാട്, പെരിയ, പള്ളിക്കര എന്നിവിടങ്ങളിലെ ബാങ്കുകളില്‍ പണയം വച്ചിരുന്നു. ഇതില്‍ 232 പവനോളം കണ്ടെടുക്കാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞു.
എന്നാല്‍ ബാങ്കില്‍ നഷ്ടപ്പെട്ട രണ്ടുകോടിയോളം രൂപ ഇനിയും കണ്ടെടുക്കാനുണ്ട്. ഇതു രണ്ടാംപ്രതി ജബ്ബാര്‍ മഞ്ചക്കണ്ടിക്ക് നല്‍കിയതായാണ് രതീശന്റെ മൊഴി. വിദേശത്തു നിന്ന് 638 കോടി രൂപ തന്റെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്നും അതു വിട്ടുകിട്ടാന്‍ പണം വേണമെന്നും കിട്ടിക്കഴിഞ്ഞാല്‍ ഇരട്ടിയായി തിരിച്ചുനല്‍കാമെന്നും പറഞ്ഞാണ് ജബ്ബാര്‍ പണം വാങ്ങിയത്.
ജബ്ബാര്‍ തുക കേസിലെ ആറാം പ്രതി കോഴിക്കോട് അരക്കിണര്‍ സ്വദേശി നബീലിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നബീലിന്റെ അറസ്റ്റിനുശേഷം അന്വേഷണം നിലച്ചമട്ടായിരുന്നു. ഹവാല ഇടപാടുകളടക്കം തുടക്കത്തില്‍ കണ്ടെത്തിയിരുന്നെങ്കിലും ഇതിലും അന്വേഷണം എങ്ങുമെത്തിയില്ല. സ്വര്‍ണം പണയം വച്ചെടുത്ത ഒന്നേകാല്‍ കോടി രൂപ മറ്റൊരു പ്രതിയായ അഹമ്മദ് ബഷീറിനാണ് നല്‍കിയതെന്നും ഇതു മൈസൂരുവില്‍വച്ച് രാഘവേന്ദ്ര എന്നയാള്‍ക്ക് കൈമാറിയതായും മൊഴി നല്‍കിയെങ്കിലും പിന്നീട് അന്വേഷണമുണ്ടായില്ല.
ഏറെ നൂലാമാലകളുള്ള സാമ്പത്തിക ക്രമക്കേട് കേസുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പല കേസുകളുടെയും മുന്നോട്ടുപോക്കിനെ ബാധിക്കുന്നുണ്ടെന്നാണ് പരാതി ഉയരുന്നുണ്ട്. തട്ടിപ്പ് നടന്നതിനുശേഷം കാറഡുക്ക അഗ്രകള്ച്ചറിസ്റ്റ് സഹകരണസംഘം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ക്ക് പോലും ചെറിയ തുകകളാണ് മടക്കികിട്ടുന്നത്. ഇതോടെ സിപിഎം പ്രാദേശികനേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്. ബ്രാഞ്ച് സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെക്കുറിച്ചും പണം കണ്ടെത്താന്‍ കഴിയാത്തതലുമല്ലാം പാര്‍ട്ടിനേതൃത്വം മറുപടി പറയേണ്ടിവരും.