താണയിൽ കാറിനു തീപിടിച്ചു; യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
1453954
Wednesday, September 18, 2024 1:27 AM IST
കണ്ണൂർ: കണ്ണൂർ താണയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. കാറിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. താണ മൈ ജി ഷോറൂമിനു സമീപം ഇന്നലെ രാത്രി 7.45 ഓടെയാണ് റോഡരികിൽ നിർത്തിയിട്ട ഫോഡ് ഐക്കൺ ഡീസൽ കാറിനാണ് തീപിടിച്ചത്.
കാറിൽനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ അലവിലെ സുരേശനും മറ്റൊരു യാത്രികനും പുറത്തിറങ്ങിയതിനാലാണ് വലിയ അപകടം ഒഴിവായത്.
ഉടൻ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചുവെങ്കിലും അവർ എത്തുന്പോഴേക്കും കാറിന് പൂർണമായും തീപിടിച്ചിരുന്നു. ഇതിനിടെ നാട്ടുകാർ തീകെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കണ്ണൂരിൽനിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. കാറിന്റെ എൻജിനും ഉൾഭാഗവും പൂർണമായും കത്തിയമർന്നു. കാലപ്പഴക്കമാണ് തീപിടിത്തത്തിനു കാരണമായി സംശയിക്കുന്നു. തുളിച്ചേരി സ്വദേശി വികാസ് ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. എഎസ്ടിഒ റോയ്, ജിഎഎസ്ടിഒ കുഞ്ഞിക്കണ്ണൻ, ഉദ്യോഗസ്ഥരായ ദിനേശ്, നികേഷ്, രാഗിൻ കുമാർ, വനിതാ ഫയർ ഓഫീസർ ജ്യോത്സന, ഹോംഗാർഡ് ലക്ഷ്മണൻ, ഡ്രൈവർമാരായ രാജേഷ്, ഷിജു എന്നിവരുടെ നേതൃത്വത്തിലാണു തീയണച്ചത്.