മാഹി: മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിന് മുന്നോടിയായി വലിയ പന്തലിന്റെ കാൽനാട്ട് കർമം നടത്തി. കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ഡോ. ജെൻസൺ പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ചടങ്ങിൽ പാരിഷ് കൗൺസിൽ അംഗങ്ങളും ഇടവക ജനങ്ങളും സംബന്ധിച്ചു. വിദ്യാർഥികൾക്കുള്ള മൂന്നു ദിവസത്തെ ക്രിസ്റ്റീൻ ധ്യാനവും ആരംഭിച്ചു.
മലബാറിലെ തന്നെ ആദ്യ ബസിലിക്കയായി ഉയർത്തപ്പെട്ട ശേഷം നടക്കുന്ന ആദ്യ തിരുനാൾ ആഘോഷത്തിന് ഒക്ടോബർ അഞ്ചിന് രാവിലെ 11.30ന് കൊടിയേറും. തുടർന്ന് അൾത്താരയിൽ സൂക്ഷിച്ച വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം ബസിലിക്ക റെക്ടർ പൊതു വണക്കത്തിനായി ദേവാലയത്തിൽ പ്രതിഷ്ഠിക്കുന്നതോടെ 18 ദിവസത്തെ തിരുനാൾ ആഘോഷത്തിന് തുടക്കമാകും. 14, 15 തിയതികൾ പ്രധാന തിരുനാൾ ദിനങ്ങളാണ്. 22ന് ഉച്ചകഴിഞ്ഞ് തിരുസ്വരൂപം അൾത്താരയിലേക്ക് മാറ്റുന്നതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് സമാപനമാകും.