മലയോര ഹൈവേയിൽ അപകടങ്ങൾ പതിവ് ; നടപടി സ്വീകരിക്കാതെ അധികൃതർ
1453768
Tuesday, September 17, 2024 1:51 AM IST
കരുവഞ്ചാൽ: മലയോര ഹൈവേയിൽ അപകടം തുടർക്കഥയായി മാറുന്പോഴും പരിഹാരത്തിന് നടപടികളില്ല. കരുവഞ്ചാലിൽ നിന്നും നടുവിൽ വരെയുള്ള മേഖലയിലാണ് അപകടങ്ങൾ പതിവാകുന്നത്. പാതയിലെ കൊടുംവളവുകളാണ് അപകടങ്ങൾക്കിടയാക്കുന്നത്. റോഡിനെക്കുറിച്ച് പരിചയമില്ലാത്ത ദൂരദിക്കുകളിൽ നിന്നെത്തുന്ന ഡ്രൈവർമാരുടെ വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽ പെടുന്നത്.
സ്ഥിരം അപകട മേഖലയായ വായാട്ടുപറന്പ് ഹണി ഹൗസിനു മുന്നിൽ സിഗ്നൽ ലൈറ്റുകളുണ്ടെങ്കിലും ഇത് ഏതുസമയവും തകർന്നു വീണേക്കാമെന്ന നിലയിലാണ്. അപകട മേഖലയായ ഇവിടുത്തെ സിഗ്നൽ ലൈറ്റ് അറ്റകുറ്റപ്പണി നടത്തി പൂർവ സ്ഥിതിയിലാക്കാത്തതും അപകടങ്ങൾക്ക് വഴി വെക്കുന്നുണ്ട്.
കഴിഞ്ഞദിവസം താവുകുന്ന് വളവിൽ പത്തടിയോളം താഴ്ചയിലേക്ക് കാർ നിയന്ത്രണം വിട്ട് വീണിരുന്നു. റോഡരികിലെ ക്രാഷ് ബാരിയർ കടന്നാണ് കാർ താഴേക്കു വീണത്. തൊട്ടടുത്ത ദിവസം തന്നെ റോഡിലെ വളവ് പരിചയമില്ലാത്ത ഡ്രൈവർ ഓടിച്ചു വന്ന ലോറിയുടെ നിയന്ത്രണം വിട്ടു. മനോധൈര്യം കൈവിടാതെ ഡ്രൈവർ സമീപത്തെ മതിലിൽ ഇടിപ്പിച്ച് ലോറി നിർത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.
ഴിഞ്ഞ മാസം പൂച്ചട്ടികളുമായി വന്ന മിനി ലോറിയും മറിഞ്ഞിരുന്നു. ഏതാനും വർഷം മുന്പ് ആന്ധ്രയിൽ നിന്ന് പ്ലൈവുഡുമായി വന്ന ലോറി മറിഞ്ഞ് ക്ലീനർ മരിച്ചിരുന്നു. ഇതു കൂടാതെ വലിയ ഭാരലോറികൾ വളവ് തിരിഞ്ഞു കിട്ടാതെ കുടുങ്ങിപ്പോകുന്നതും പതിവാണ്.