കീഴ്പള്ളിയിലെ ഡയാലിസിസ് യുണിറ്റ് ഇപ്പോഴും ചുവപ്പ് നാടയിൽ
1453764
Tuesday, September 17, 2024 1:51 AM IST
ഇരിട്ടി: ചുവപ്പ് നാടയിൽ കുരുങ്ങി 2020ൽ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജ പ്രവർത്തനോദ്ഘാടനം നിർവഹിച്ച കീഴ്പള്ളി സിഎച്ച്സിയിലെ ഡയാലിസിസ് യൂണിറ്റ്. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നാലുവർഷം മുന്പ് 25 ലക്ഷം രൂപയും ജനകീയ കമ്മിറ്റിയും സർക്കാർ ഏജൻസികളും കൂടി രണ്ടുകോടിയോളം രൂപ വകയിരുത്തി ഉപകരണങ്ങളും മറ്റും സ്ഥാപിച്ചിരുന്നു.
യൂണിറ്റ് പ്രവർത്തനക്ഷമമാകാനിരിക്കെയാണ് ആർദ്രം മിഷൻ മാനദണ്ഡപ്രകാരം താലൂക്ക്തല ആശുപത്രികൾക്ക് മുകളിലുള്ള ആശുപത്രികൾക്കു മാത്രം ഡയാലിസിസ് യുണിറ്റിന് പ്രവർത്തനാനുമതി നല്കിയാൽ മതിമെന്ന ആരോഗ്യ വകുപ്പിന്റെ പുതിയ ഉത്തരവ് ഇറങ്ങിയത്. ഇതോടെ കോടികളുടെ ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഉപയോഗശൂന്യമായി നശിക്കുകയാണ്.
നേരത്തെ സൗകര്യങ്ങളെല്ലാം ഒരുക്കിയതിനാൽ പുതിയ ഉത്തരവിന്റെ പരിധിയിൽ നിന്നും കീഴ്പളളിയെ ഒഴിവാക്കണമെന്നുകാണിച്ച് സണ്ണി ജോസഫ് എംഎൽഎയും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധനും ജനകീയ കമ്മിറ്റി ഭാരാവാഹികളും തിരുവനന്തപുരത്തെത്തി ആരോഗ്യമന്ത്രിക്ക് നിവേദനം നൽകിയപ്പോൾ പരിഗണിക്കാമെന്ന് ഉറപ്പും നല്കിയതാണ്.
എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും മുൻ ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായി തുടരുകയാണ്. പ്രശ്നം എംഎൽഎ നിയമസഭയിൽ ഉന്നയിച്ചിട്ടും സർക്കാർ ഭാഗത്തുനിന്നു യാതൊരു അനുകൂല തീരുമാനവും ഉണ്ടായിട്ടില്ല.
മാസങ്ങൾക്ക് മുൻപ് നിയമസഭാ സ്പീക്കർ കീഴ്പള്ളിയിൽ എത്തിയ ഘട്ടത്തിൽ വിഷയം പരിഗണി ക്കാമെന്ന് ഉറപ്പു നല്കിയെങ്കിലും അതും പാഴ്വാക്കായി. അന്തിമ അനുമതി തേടി കഴിഞ്ഞവർഷം ജൂലൈയിൽ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്തു നല്കിയപ്പോഴാണു നിലവിലെ നയങ്ങൾ പ്രകാരം അനുമതി നല്കാനാവില്ലെന്ന മറുപടി ലഭിച്ചത്. ഇതോടെ മുൻ രേഖകൾ പരിശോധിച്ചപ്പോഴാണ് 2020 ൽ നടന്നത് ഉദ്ഘാടനം മാത്രമാണെന്നും യൂണിറ്റിന് അനുമതി ഇല്ലെന്നും മനസിലാകുന്നത്.
മേഖലയിൽ 124
ഡയാലിസീസ് രോഗികൾ
ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ നിർധനരായ 124 ഡയാലിസിസ് രോഗികൾ ഉണ്ട്. ഇവർക്കായി സഹായ കിറ്റ് അനുവദിക്കുന്നതിനു 15 ലക്ഷം രൂപയാണ് ഓരോ വർഷവും വകയിരുത്തുന്നത്. ആറളം പഞ്ചായത്തിൽ മാത്രം 25 ഓളം വൃക്ക രോഗികൾ ഉണ്ട്. സെന്ററിനായി വാങ്ങിയ ഉപകരണങ്ങൾ ഒരുവർഷത്തിലധികമായി കെട്ടുപൊട്ടിക്കാത്ത നിലയിലാണ്. ദുർബല വിഭാഗങ്ങളും ആദിവാസി ജനവിഭാഗങ്ങളും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ കൂടുതലായി ഉണ്ട്. ആറളം ഫാം ആദിവാസി പുനരധിവാസ മേഖല കൂടി ഉൾപ്പെടുന്ന പ്രദേശമായിട്ടും സാങ്കേതിക പ്രശ്നം പറഞ്ഞ് പദ്ധതിക്ക് തടസം നില്ക്കുന്പോൾ നഷ്ടപ്പെടുന്നത് കോടികളാണ്.